അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ
മഞ്ചേരി: പകുതിവിലക്ക് സ്കൂട്ടർ, തയ്യൽയന്ത്രം, ലാപ്ടോപ് എന്നിവ വാഗ്ദാനംചെയ്ത് നടത്തിയ തട്ടിപ്പിൽ മഞ്ചേരിയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു. പൂക്കോട്ടൂർ അറവങ്കര സ്വദേശിനി കോഴിശ്ശേരി വീട്ടിൽ ഹബീബയുടെ പരാതിയിലാണ് നടപടി. കേസിൽ ആദ്യം അറസ്റ്റിലായ മുഖ്യപ്രതി അനന്തുകൃഷ്ണൻ, വാഴക്കാട് സ്വദേശി നാസർ ബാബു, ഹാഷിം എന്നിവരെ പ്രതിചേർത്താണ് കേസെടുത്തത്.
നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷൻ, വാഴക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹവിൽദാർ എം.എ. റഹിമാൻ മെമ്മോറിയൽ ലൈബ്രറി എന്നിവയുമായി ചേർന്ന് നടത്തിയ ‘വുമൺ ഓൺ വീൽ’ പദ്ധതിയിലേക്ക് ആളുകളെ ചേർത്ത് പണം പിരിച്ചെന്നാണ് പരാതി. നാസർ ബാബുവും ഹാഷിമും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വാട്സ്ആപ് ഗ്രൂപ് അഡ്മിൻമാരാണ്. 2024 നവംബർ 25നാണ് ലൈബ്രറിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പരാതിക്കാരി 60,000 രൂപ നൽകിയത്. പലതവണ സംഘാടകരെ സമീപിച്ചെങ്കിലും സ്കൂട്ടർ നൽകിയില്ല. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. മഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.
കോഴിക്കോട്: പാതിവിലക്ക് സ്കൂട്ടർ നൽകുമെന്ന് പറഞ്ഞ് തട്ടിപ്പുനടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിൽ മുനമ്പം അന്വേഷണ കമീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന പരാതിയിൽ ഉത്തര മേഖല ഐ.ജി റിപ്പോർട്ട് തേടി. ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് മലപ്പുറം ജില്ല പൊലീസ് മേധാവിയോട് ഐ.ജി രാജ്പാൽ മീണ റിപ്പോർട്ട് തേടിയത്. മുനമ്പം ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട അന്വേഷണ കമീഷനായി സർക്കാർ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രൻ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതിനിടെ പെരിന്തൽമണ്ണ പൊലീസ് തട്ടിപ്പ് കേസിൽ മൂന്നാം പ്രതി സ്ഥാനത്ത് ഉൾപ്പെടുത്തിയതാണ് പരാതിക്കിടയാക്കിയത്.
കഴിഞ്ഞ ആറിന് രാത്രി 8.15ന് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച ഉടൻ കേസെടുക്കുകയായിരുന്നുവെന്നും അന്ന് രാത്രി 9.45ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലൂടെ പരാതിയിൽ പ്രാഥമിക അന്വേഷണം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണെന്നും അഭിഭാഷകൻ നൽകിയ പരാതിയിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ലഭിച്ചാലുടൻ നിയമപരമായി പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കണം. സർക്കാർ നിയോഗിച്ച അന്വേഷണ കമീഷനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ഉണ്ടായാൽ നടപടി എടുക്കുമ്പോൾ സിറ്റിങ് ജഡ്ജിമാർക്കുള്ളതുപോലുള്ള പരിഗണനകളും റിട്ട. ജഡ്ജിമാർ അർഹിക്കുന്നു. ഇത് പാലിക്കാതെയാണ് നടപടി. കമീഷനെ കേസിൽ ഉൾപ്പെടുത്താൻ ഏതെങ്കിലും ഇടപെടലുകളോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് സമഗ്രമായി അന്വേഷിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് പരാതിയിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.