പാതി വില തട്ടിപ്പ്: 918 പേരിൽ നിന്ന് 6.32 കോടി തട്ടിയെന്ന പരാതിയിൽ കോഴിക്കോട് കേസ്, അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പാതി വില തട്ടിപ്പിൽ ​നാടെങ്ങും കേസ്. അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെയാണ് പരാതികൾ. ഇതിനിടെ, 918 പേരിൽ നിന്ന് 6. 32 കോടി തട്ടിയെന്ന പരാതിയിൽ കോഴിക്കോട് ഫറോഖ് പൊലീസ് കേസെടുത്തു. ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.

തട്ടിപ്പ് കേസിൽ പ്രതിയായ അനന്തു കൃഷ്ണന്‍റെ ജാമ്യാപേക്ഷ ഇന്ന് മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ അനന്തുവിനെ ഇന്നലെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡിൽ അയച്ചത്. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം നിലവിലെ അന്വേഷണസംഘത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിർദേശവും ഡി.ജി.പിയുടെ ഉത്തരവിലുണ്ട്.

കേരള ഗ്രാമ നിർമാണ സമിതി സെക്രട്ടറി സുരേഷ് ബാബുവിന്‍റെ പരാതിയിലാണ് കോഴിക്കോട് ഫറോഖ് പൊലീസ് എന്‍.ജി.ഒ കോണ്‍ഫെഡറേഷൻ ചെയര്‍മാൻ ആനന്ദകുമാറിനും അനന്തുകൃഷ്ണനുമെതിരെ കേസെടുത്തത്. 918 ആളുകളിൽ നിന്ന് 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. 918 ഗുണഭോക്താക്കൾക്ക് സ്കൂട്ടർ പകുതി വിലയിൽ നൽകാമെന്നും ലാപ്ടോപും മറ്റു വീട്ടുപകരണങ്ങളും നൽകാമെന്നായിരുന്നു വാഗ്ദാനം. എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാനായിരുന്ന കെ.എൻ. ആനന്ദകുമാറിനെ വിശ്വസിച്ചാണ് ഇടുക്കിയിലും വനിതകൾ സീഡ് സൊസൈറ്റികളിൽ അംഗങ്ങളായത്. ഇടുക്കിയിൽ നടന്ന യോഗങ്ങളിലെല്ലാം അനന്തുകൃഷ്ണനെ തന്‍റെ പിൻഗാമിയെന്നാണ് ആനന്ദകുമാർ വിശേഷിപ്പിച്ചിരുന്നത്.

പാതിവില തട്ടിപ്പിന്‍റെ തുടക്ക കാലങ്ങളിൽ ഇടുക്കിയിൽ നടന്ന പല യോഗങ്ങളിലും എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാനായിരുന്ന കെ.എൻ. ആനന്ദ കുമാറും മുൻ വനിത കമ്മീഷൻ അംഗം ജെ. പ്രമീള ദേവിയും പങ്കെടുത്തിരുന്നു. കട്ടപ്പന, ചെറുതോണി, മൂന്നാർ എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിലാണ് ആനന്ദകുമാർ പങ്കെടുത്തത്. ഇവരോടുള്ള വിശ്വാസമാണ് കൂടുതൽ പേരെ സീഡ് സൊസൈറ്റികളിലേക്ക് ആശ്രയിച്ചത്. കുടുംബശ്രീ ഭാരവാഹികൾക്കൊപ്പം പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്ന വനിതകളെയും തെരഞ്ഞു പിടിച്ചാണ് പഞ്ചായത്ത് തലത്തിൽ കോർഡിനേറ്റർമാരാക്കിയിരുന്നത്.

ആനന്ദകുമാർ ചെയർമാൻ സ്ഥാനം രാജിവെച്ചത് പലരും ഇപ്പോഴാണ് അറിയുന്നത്. ഇടുക്കിയിലെ വണ്ടൻമേട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൂന്നു കോടിയുടെ തട്ടിപ്പിൽ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്ദു കൃഷ്ണൻ, മുൻ കുമളി പഞ്ചായത്ത് പ്രസിഡൻറും സ്പിയാർഡ്സ് ചെയർപേഴ്സണുമായ ഷീബ സുരേഷ്, എൻ.ജി.ഒ കോൺഫെഡറേഷൻ വർക്കിംഗ് പ്രസിഡൻറ് സുമ അനിൽകുമാറുമാണ് മറ്റ് പ്രതികൾ. കൂടുതൽ കേസുകളിൽ ആനന്ദകുമാർ പ്രതിയാകുമെന്നാണ് പൊലീസ് പറയുന്നത്. ആനന്ദകുമാർ മുൻകൂർ ജാമ്യത്തിന്​ ശ്രമം തുടങ്ങി.

Tags:    
News Summary - Half price fraud Case filed in Kozhikode on complaint of 6.32 crores being defrauded from 918 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.