ഹജ്ജ് എംബാർക്കേഷൻ: കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന്​ അബ്ദുസ്സമദ് സമദാനി എം.പി

കരിപ്പൂർ: രാജ്യത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്ന് വീണ്ടും കോഴിക്കോട് കരിപ്പൂർ വിമാനത്താവളം ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന്​ വിമാനത്താവള ഉപദേശക സമിതി ചെയർമാൻ കൂടിയായ പാർലമെൻറ് അംഗം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു. കരിപ്പൂരിലെ വീണ്ടും ഉൾപ്പെടുത്തണമെന്ന്​ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോടും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്​വിയോടുമാണ്​ അദ്ദേഹം ആവശ്യപ്പെട്ടത്​. തീർത്ഥാടകബാഹുല്യവും ഭൗതികസൗകര്യങ്ങളുടെ ലഭ്യതയും പരിഗണിക്കുമ്പോൾ എംബാർക്കേഷൻ പോയൻ്റായി തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും അർഹതയുള്ള വിമാനത്താവളമാണ് കോഴിക്കോടെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് നടക്കാത്തതിന്‍റെ പേരിലാണ് ഈ നടപടിയെങ്കിൽ വലിയ വിമാന സർവ്വീസ് തുടങ്ങുന്നതിന് അവിടെ ഒരു തടസ്സവുമില്ലെന്ന വസ്തുത ഏവർക്കും അറിയുന്നതാണ്. വിമാനാപകടത്തിന്‍റെ പേരിൽ നിർത്തിവച്ച വലിയ വിമാനങ്ങളുടെ സർവീസ്​ പുന:രാരംഭിക്കണമെന്ന ആവശ്യം ഇതിനകം പല തലങ്ങളിൽ ഉന്നയിക്കപ്പെട്ടതാണ്. മാത്രമല്ല അപകടത്തിന്​ റൺവേ അടക്കമുള്ള വിമാനത്താവളത്തിന്‍റെ ഭൗതിക സൗകര്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിട്ടും വലിയ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നതിന് നീതീകരണവുമില്ല.

കേരളത്തിൽ നിന്നുള്ള ഹജ്ജ് തീർഥാടകരിൽ വലിയൊരു വിഭാഗം സംസ്ഥാനത്തിൻ്റെ വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. കൊച്ചിയിലെ എംബാർക്കേഷൻ പോയൻ്റിലേക്ക് ഏറെ ദൂരം യാത്ര ചെയ്യേണ്ട ഗതികേടാണ് അവർക്കുള്ളത്. രാജ്യത്താകെയുള്ള എംബാർക്കേഷൻ കേന്ദ്രങ്ങൾ ഇരുപത്തി ഒന്നിൽ നിന്ന് പത്താക്കി ചുരുക്കിയതും തീർഥാടകർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന തീരുമാനമാണ്‌. വിമാനം കയറാൻ ദീർഘദൂര യാത്ര ചെയ്യേണ്ട അവസ്ഥ അവരെ വിഷമവൃത്തത്തിൽ അകപ്പെടുത്തും.

കൊച്ചിയിലെ എംബാർക്കേഷൻ പോയൻ്റിൽ കേരളത്തിനു പുറമെ മാഹി, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു തുടങ്ങി ആൻഡമാൻ-നിക്കോബാർ വരെയുള്ള പ്രദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലെത്താൻ നൂറു കണക്കിന് കിലോമീറ്ററുകളാണ് അവർക്ക് യാത്ര ചെയ്യേണ്ടിവരിക. അതുകൊണ്ട് എംബാർക്കേഷൻ പോയൻ്റുകളുടെ എണ്ണം കഴിയുന്നത്ര വർദ്ധിപ്പിക്കാനും നടപടിയുണ്ടാകണമെന്നും മന്ത്രിമാർക്കും ചെയർമാനും അയച്ച ഇ-മെയിലിൽ സമദാനി ആവശ്യപ്പെട്ടു. ഹജ്ജ് അപേക്ഷകരിൽ പ്രവാസികൾക്കുള്ള പരിഗണന വേണ്ടെന്നുവെച്ചതും പുനഃപരിശോധിക്കണമെന്നും അത് നിലനിർത്തണമെന്നും സമദാനി ആവശ്യപ്പെട്ടു.

Tags:    
News Summary - Hajj embarkation: Abdussamad Samadani MP calls for reconsideration of Karipur exemption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.