ഹജ്ജ്​ 2023: നടപടികൾ നീളുന്നു

കരിപ്പൂർ: അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതടക്കമുളള നടപടിക്രമങ്ങൾ വൈകുന്നു. സാധാരണ രീതിയിൽ ഹജ്ജിന് അപേക്ഷ സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടു. കോവിഡ് പ്രതിസന്ധികൾക്കിടെയിലും 2022ലെ ഹജ്ജിന് കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു.

2023ൽ ബലിപെരുന്നാൾ വരുന്നത് ജൂൺ അവസാനമാണ്. സാധാരണ ഗതിയിൽ ഈ വർഷം നേരത്തെ അപേക്ഷ സ്വീകരിക്കേണ്ടതാണ്. എന്നാൽ, പുതിയ ഹജ്ജ് നയം തയാറാക്കുന്നതിലെ കാലതാമസം 2023ലെ ഹജ്ജിന്‍റെ നടപടിക്രമങ്ങൾക്കും തിരിച്ചടിയായി. ഹജ്ജ് നയവുമായി ബന്ധപ്പെട്ട് നവംബർ ആദ്യമാണ് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ യോഗം തന്നെ ചേരുന്നത്.

2018ലെ ഹജ്ജ് നയം തയാറാക്കുന്നതിന് 2017 ജനുവരിയിൽ തന്നെ വിദഗ്ധ സമിതിയെ ഉൾപ്പെടെ നിയോഗിച്ചിരുന്നു. നിലവിലുള്ള നയത്തിന്‍റെ കാലാവധി ഈ വർഷം അവസാനിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പുതിയ നയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. നവംബർ 20 വരെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. ഇവയെല്ലാം ക്രോഡീകരിച്ച് നിലവിലുള്ള നയം പരിശോധിച്ചതിന് ശേഷമായിരിക്കും പുതിയതിന് അംഗീകാരം നൽകുക. ഇതോടൊപ്പമായിരിക്കും 2023 ഹജ്ജിന്‍റെ കർമപദ്ധതിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തുവിടുക. അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം വളരെ കുറവായിരിക്കും. വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ നൽകിയ നിർദേശങ്ങളിൽ അന്തിമതീരുമാനം വരാനുണ്ട്. പാസ്പോർട്ടിന് പകരം ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാൻ അവസരമൊരുക്കണമെന്ന നിർദേശം ഉൾപ്പെടെ പരിഗണനയിലുണ്ട്. 2022ൽ കോവിഡ് പശ്ചാത്തലത്തിൽ പ്രായപരിധി ഉൾപ്പെടെ നിരവധി നിബന്ധനകൾ സൗദി ഏർപ്പെടുത്തിയിരുന്നു. ഇക്കുറി ഇവയിൽ ഇളവുകളുണ്ടാകും.

Tags:    
News Summary - hajj​ 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.