റിമാൻഡിൽ കഴിയുന്നതിനിടെ ഗുണ്ടനേതാവിന്‍റെ ഫേസ്​ബുക്ക്​​ ഭീഷണി; വിവാദം, റെയ്​ഡ്

പാലാ: റിമാൻഡിൽ കഴിയുന്നതിനിടെ ഗുണ്ടനേതാവ് ഫേസ്​ബുക്കിൽ ഭീഷണിക്കുറിപ്പിട്ടത്​​ വിവാദമായതോടെ, പാലാ സബ്​ ജയിലിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയും പൊലീസി​​െൻറയും നേതൃത്വത്തിൽ റെയ്​ഡ്​. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ്മോൻ ജേക്കബാണ്​ (അലോട്ടി -27) റിമാൻഡിൽ കഴിയുന്നതിനിടെ, എതിരാളിയായ മറ്റൊരു ഗുണ്ടസംഘത്തലവൻ കുടമാളൂർ സ്വദേശി അരുൺ ഗോപനെ ഭീഷണിപ്പെടുത്തിയത്. 

ഗാന്ധിനഗർ പൊലീസ് രജിസ്​റ്റർ ചെയ്‌ത ചാരായക്കേസിൽ കോടതി റിമാൻഡ് ചെയ്‌ത അലോട്ടിയെ, കടുത്തുരുത്തി പൊലീസ് രജിസ്​റ്റർ ചെയ്‌ത കഞ്ചാവ് കേസിലും കഴിഞ്ഞ ദിവസം അറസ്​റ്റ്​  ചെയ്‌തിരുന്നു. തുടർന്ന്​ ശനിയാഴ്‌ച കോടതി റിമാൻഡ് ചെയ്‌ത്​ പാലാ ജനറൽ ആശുപത്രിയിലെ ക്വാറ​ൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോവിഡ്​ പ്രതിരോധത്തി​​െൻറ ഭാഗമായാണ്​ ക്വാറ​ൻറീൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുന്നത്​. സാമ്പിൾ പരിശോധനയിൽ രോഗമില്ലെന്ന്​ കണ്ടെത്തിയാലാണ്​ ജയിലിലേക്ക്​ മാറ്റുന്നത്​. 

ഇങ്ങനെ ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ്​ വ്യാഴാഴ്‌ച രാത്രി ത​​െൻറ ഫേസ്​ബുക്ക്​​ പേജിലൂടെ അലോട്ടി ഭീഷണി മുഴക്കിയത്. ''ഞാൻ ഇവിടെത്തന്നെയുണ്ട്...'' എന്നു തുടങ്ങുന്ന ഭീഷണിക്കുറിപ്പ്​ അരുൺ ഗോപനെ ടാഗ് ചെയ്‌താണിട്ടത്​. കടുത്തുരുത്തിയിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അലോട്ടിയെ കുടുക്കിയത് അരുൺ ഗോപനും സംഘവുമാണെന്നാണ്​ ഇയാളുടെ സംഘാംഗങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതേതുടർന്നാണ് ഭീഷണി. ഇയാൾ ഫോണിൽ പലരെയും വിളിച്ചതായും സൂചനയുണ്ട്​. 

റിമാൻഡിൽ കഴിയുന്ന പ്രതി സമൂഹമാധ്യമം ഉപയോഗിച്ചത്​ വാർത്തയായതോടെ, സബ്ജയിലിലെ സെല്ലിലേക്ക് ഇയാളെ മാറ്റി. തുടർന്നായിരുന്നു പാലാ സബ്ജയിലിലെ പരിശോധന. ഇയാൾ കഴിഞ്ഞ ആശുപത്രിയിലെ മുറിയിലും തിരച്ചിൽ നടത്തി. ജയിലിൽനിന്ന് ഒരു സിം കാർഡും ഫോണും കണ്ടെടുത്തു. 

പ്രതിയെ ശനിയാഴ്​ച  പാലായിൽനിന്ന്​ കോട്ടയം സബ് ജയിലിലേക്ക് മാറ്റുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. അതിനിടെ, അലോട്ടിക്കെതിരെ അരുൺ ഗോപൻ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. വധഭീഷണി മുഴക്കിയെന്നാണ്​ പരാതി.

Tags:    
News Summary - Gunda Leader Facebook Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.