ജി.എസ്.ടി പരിഷ്കരണം: രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ജനങ്ങളുടെ അടിസ്ഥാന ഭക്ഷ്യവിഭവങ്ങളിൽ പോലും ജി.എസ്.ടിയുടെ പേരിൽ നികുതിക്കൊള്ള നടത്തുക വഴി രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്ന് കേന്ദ്ര സർക്കാർ ഉറപ്പിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.

ജി.എസ്.ടിയുടെ മറവിൽ കോർപറേറ്റ് മാഫിയകൾക്ക് വാണിജ്യമേഖല കൈയടക്കാനും സാധാരണക്കാരന്റെ കൈയിലെ പണം തട്ടിപ്പറിക്കാനുമാണ് പുതിയ സാമ്പത്തിക നയത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. ജനങ്ങളുടെ ഭക്ഷ്യ വിഭവങ്ങളിൽ പോലും കുത്തക ഭീകരർ കടന്നുകയറ്റം നടത്തി രാജ്യത്തെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന അപകടകരമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ശ്രീലങ്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളും അനുഭവിക്കുന്ന രൂക്ഷമായ ആഭ്യന്തര പ്രതിസന്ധിക്ക് കാരണമായത് സമാന നയങ്ങൾ നടപ്പാക്കിയതിന്റെ പരിണിതിയാണ്. അതിൽ നിന്ന് പാഠം പഠിക്കാനോ ജനങ്ങളുടെ സുസ്ഥിരമായ വികസനത്തിനു വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കാനോ ഭരണകൂടം ശ്രമിക്കുന്നില്ല.

അരി, ഗോതമ്പ്, ഇറച്ചി, മത്സ്യം തുടങ്ങിയ ദൈനംദിന ജീവിത വിഭവങ്ങളുമായി ബന്ധപ്പെട്ട മേഖലകളിൽ പോലും ചെറുകിട കച്ചവടക്കാരെയും പൊതുജനങ്ങളെയും ചൂഷണം ചെയ്യാൻ ഫാഷിസ്റ്റ് ഭരണകൂടവും കോപറേറ്റ് ഭീകരന്മാരും കൈകോർത്തതിന്റെ ഫലമാണ് 47ാംമത് ജി.എസ്.ടി കൗൺസിൽ യോഗ തീരുമാനം. പാക്ക് ചെയ്യാത്ത ഭക്ഷ്യ സാധനങ്ങൾക്ക് പോലും ജി.എസ്.ടി ഏർപ്പെടുത്തുന്നതിലൂടെ രാജ്യത്ത് വിലക്കയറ്റം ക്രമാതീതമായി വർധിക്കുകയും പണപ്പെരുപ്പം അതിരൂക്ഷമാകുകയും ചെയ്യും.

അസംഘടിത മേഖലയെ തകർക്കുന്നതും കർഷകരുടെ ഉൽപന്നങ്ങൾ വിപണിയിൽ സ്വീകാര്യത ഇല്ലാതാക്കുന്നതുമായ രീതിയാണ് ജി.എസ്.ടി സംവിധാനത്തിലൂടെ നടപ്പാക്കുന്നത്. കോവിഡിന്റെയും ലോക്ഡൗണിന്റെയും പ്രതിസന്ധിയിൽ ദൈനംദിന ജീവിതം ദാരിദ്ര്യത്തിൽനിന്ന് മുക്തമാകാത്ത സാഹചര്യത്തിൽ ജനങ്ങളെ പട്ടിണിമരണത്തിലേക്ക് എത്തിക്കുന്ന തീരുമാനമാണ് പുതിയ നികുതി പരിഷ്കരണത്തിലൂടെ സർക്കാർ നടത്തിയിരിക്കുന്നത്. ആർ.എസ്.എസുകാർക്കും കുത്തക ഭീകരർക്കും മാത്രം രാജ്യത്ത് ജീവിക്കാൻ അവസരം നൽകുന്ന നയങ്ങളാണ് ഭരണകൂടം സ്വീകരിച്ചുവരുന്നത്.

ജനാധിപത്യത്തിന്റെ അടിവേരറുക്കുന്ന ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - GST Reform: Economic emergency in the country - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.