പാലക്കാട്: സി. കൃഷ്ണകുമാറിന്റെ നോമിനിയെ ജില്ലാ പ്രസിഡന്റാക്കുന്നതിൽ പ്രതിഷേധിച്ച് പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. നിലവിൽ യുവമോർച്ച ജില്ല പ്രസിഡൻറായ പ്രശാന്ത് ശിവനെയാണ് ബി.ജെ.പി പാലക്കാട് ജില്ല പ്രസിഡന്റ് ആക്കാൻനീക്കം നടക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജനും പാലക്കാട് മുൻസിപ്പൽ കൗൺസിലർമാരും ഉൾപ്പെടെയുള്ള നേതാക്കൾ രാജി വെക്കുമെന്ന് മുന്നറിയിപ്പ് നൽകി. നഗരസഭയിലെ ഒമ്പത് കൗൺസിലർമാരാണ് രാജി ഭീഷണി മുഴക്കിയത്. ചിലർ ഇന്നും ബാക്കിയുള്ളവർ നാളെയും രാജിക്കത്ത് കൈമാറും. ഇവർ രാജിവെച്ചാൽ നഗരസഭ ബി.ജെ.പിക്ക് നഷ്ടമാകും.
അതിനിടെ, ബി.ജെ.പിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഇടപെട്ട് വിമതരെ കോൺഗ്രസിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നതായി അറിയുന്നു. വിമതരുമായി അദ്ദേഹം ചർച്ച നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
മാനദണ്ഡങ്ങൾ തെറ്റിച്ചാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നാണ് വിമതരുടെ ആക്ഷേപം. പാലക്കാട്ടെ മുതിർന്ന ബി.ജെ.പി നേതാവ് സി. കൃഷ്ണകുമാർ ഇടപെട്ട് കൂടുതൽ വോട്ട് ലഭിച്ചവരെ മാറ്റിനിർത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നുവെന്നാണ് ആരോപണം. പ്രശാന്ത് ശിവൻ കൃഷ്ണകുമാറിന്റെ ബിനാമിയാണെന്നും ഇവർ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് യാക്കരയിൽ നടന്ന വിമത യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് രാജി കത്ത് നൽകുമെന്ന് ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.