ജോസ് നെല്ലേടം

കോൺഗ്രസിലെ ഗ്രൂപ്പുപോര്; വയനാട്ടില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തംഗം ആത്മഹത്യചെയ്തു

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും പെരിക്കല്ലൂർ ടൗൺ അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്ത നിലയില്‍. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ് പോരിനെ തുടര്‍ന്നാണ് ജോസ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ പുല്‍പ്പള്ളിയിലെ തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ജോസ് നെല്ലേടം ഉള്‍പ്പടെയുള്ളവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യ.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ വീടിന് സമീപത്തെ കുളത്തില്‍ വിഷം കഴിച്ചും കൈ ഞരമ്പ് മുറിച്ചനിലയിലുമാണ് കണ്ടത്. പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മാസങ്ങളായി മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ് . മുള്ളന്‍കൊല്ലി രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെ തുടര്‍ന്ന് പോര് രൂക്ഷമായിരുന്നു. തങ്കച്ചന്റെ വീട്ടില്‍ സ്ഫോടകവസ്തുക്കളും മദ്യവും കൊണ്ടുവച്ച് പൊലീസിന് രഹസ്യവിവരം നല്‍കി പിടിപ്പിക്കുകയായിരുന്നു. ഇതില്‍ ജോസ് നെല്ലേടം ആരോപണ വിധേയനായിരുന്നു. സ്ഫോടക വസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടില്‍ കൊണ്ടുവച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിരപരാധിയാണെന്ന് കണ്ട് തങ്കച്ചനെ ജയിലില്‍നിന്ന് വിട്ടയച്ചു. ജയില്‍ മോചിതനായ തങ്കച്ചന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച ജയിച്ചയാളാണ് ജോല് നെല്ലേടം. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

Tags:    
News Summary - Group fight in Congress; Mullankolli panchayat member commits suicide in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.