പൊതു വിപണിയിലെ ഇടപെടൽ കാര്യക്ഷമമെന്ന് ജി.ആർ അനിൽ

കൊച്ചി: പൊതു വിപണിയിലെ വില കുറക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് മന്ത്രി അഡ്വ.ജി.ആർ അനിൽ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സപ്ലൈകോ എറണാകുളം ജില്ല ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

40 ലക്ഷത്തിലധികം പേർ സബ്സിഡി വാങ്ങുന്നുണ്ട്. സബ്സിഡിയായി നൽകുന്ന 13 ഇനത്തിൽ പലതും മാർക്കറ്റിൽ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ ലഭ്യത കുറവുള്ള വൻപയർ, കടല തുടങ്ങിയവ വാങ്ങിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുകയും നാഫെഡ് പോലുള്ള സ്ഥാപനങ്ങളെ നേരിട്ട് കണ്ട് ആവശ്യമായ ഉത്പന്നങ്ങൾ സപ്ലൈകോ ഓണം ഫെയറിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ നയങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയിട്ടും, ഓണക്കാലത്ത് ആവശ്യത്തിന് അരി വിപണിയിൽ എത്തിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ കാർഡുകാർക്കും 30 ശതമാനം പച്ചരിയും 70 ശതമാനം പുഴുക്കലരിയും ഓണത്തിന് വിതരണം ചെയ്യും. തക്കാളിക്ക് വടക്കേ ഇന്ത്യയിലുള്ളതിനേക്കാൾ വിലകുറച്ചാണ് കേരളത്തിൽ നൽകുന്നത്. ഇത്തരത്തിൽ സാമാന്യ ജനങ്ങൾക്ക് താങ്ങാവുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മേയർ അഡ്വ. എം. അനിൽകുമാർ ആദ്യ വില്പന നിർവഹിച്ചു. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ അധ്യക്ഷത വഹിച്ചു. കെ.എൻ ദിനകരൻ, ജില്ലാ സപ്ലൈ ഓഫീസർ ടി. സഹീർ, സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർ സൂരജ്, ഡിപ്പോ മാനേജർ സജിവ് പോൾ തുടങ്ങിയവർ സംസാരിച്ചു.

ആധുനിക സൂപ്പർമാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യത്തോടെ സബ്സിഡി ഉൽപ്പന്നങ്ങൾ നൽകുന്നതിനോടൊപ്പം, മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50 ശതമാനം വരെ വിലക്കുറവും ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറുകളുമായാണ് ഇത്തവണ സപ്ലൈകോ ഓണം ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - GR Anil said that public market intervention is effective

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.