‘അന്വേഷണത്തെ ബാധിക്കുന്നു’; വിവരാവകാശ പരിധിയിൽനിന്ന് വിജിലൻസിനെ ഒഴിവാക്കാൻ നീക്കം

തിരുവനന്തപുരം: സംസ്ഥാന വിജിലൻസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്നും ഒഴിവാക്കാൻ സർക്കാർ നീക്കം. ജനുവരിയിൽ ഇക്കാര്യമുന്നയിച്ച് വിജലൻസ് ഡയറക്ടർ നൽകിയ കത്ത് പുറത്തുവന്നു. വിവരാവകാശ നിയമത്തിലെ 24-ാം വകുപ്പ് പ്രകാരം വിവരങ്ങൾ നൽകുന്നതിൽനിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട ഫയൽ നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം. കേന്ദ്ര ഏജൻസികളെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയ മാതൃകയിലാണ് സംസ്ഥാന സർക്കാറിന്റെ നടപടി.

വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത ജനുവരി പതിനൊന്നാം തീയതി നൽകിയ കത്തിലാണ് വിജിലൻസിനെ വിവരാവകാശ നിയമ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഒരു പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും തുടർന്ന് വെരിഫിക്കേഷനും നടത്തിയ ശേഷമാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. കേസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത് അന്വേഷണങ്ങളെ ബാധിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിജലൻസ് ഡയറക്ടർ കത്ത് നൽകിയത്.

കേസെടുത്ത് അന്വേഷിച്ച ശേഷവും പലതരത്തിലുള്ള വിവരശേഖരണം ഉണ്ടാകും. ഈ ഘട്ടങ്ങളിൽ വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ, വിജിലൻസിനെ ഒന്നടങ്കം വിവരാവകാശ നിയമ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ആഭ്യന്തര വകുപ്പിന്റെ നടപടികളുടെ ഭാഗമായി പൊതുഭരണ വകുപ്പിന് കത്ത് കൈമാറിയിട്ടുണ്ട്. പൊതുഭരണ വകുപ്പ് ഇത് പരിശോധിച്ച് ഉത്തരവിറക്കുക എന്നുള്ളതാണ് അടുത്ത നടപടി. എന്നാൽ, നീക്കത്തെ സംസ്ഥാന വിവരാവകാശ കമീഷണർ എതിർക്കുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. 

Tags:    
News Summary - Govt move to exempt Vigilance from RTI ambit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.