സി.പി.ഐക്ക് പരാതി; സര്‍ക്കാര്‍ ഡയറി അച്ചടി നിര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സി.പി.ഐയുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഡയറിയുടെ അച്ചടി നിര്‍ത്തി വെക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശം. മന്ത്രിമാരുടെ പേരുവിവരങ്ങള്‍ നല്‍കുന്നതില്‍ പതിവ് മുന്‍ഗണന ക്രമം പാലിച്ചില്ളെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഇതിനകം 40,000 ഡയറികള്‍ അച്ചടിച്ചിട്ടുണ്ട്. ഇവ വിതരണം ചെയ്യേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പിഴവ് തിരുത്തി പുതിയത് അച്ചടിക്കാനാണ് തീരുമാനം.

സാധാരണ മുഖ്യമന്ത്രിയുടെ പേരിനു ശേഷം അക്ഷരമാല ക്രമത്തിലാണ് മറ്റു മന്ത്രിമാരുടെ പേരു വിവരങ്ങള്‍ ഡയറിയില്‍ നല്‍കുന്നത്. എന്നാല്‍, ഈ വര്‍ഷം  മുഖ്യമന്ത്രിക്ക് ശേഷം മറ്റ് സി.പി.എം മന്ത്രിമാരെയും തുടര്‍ന്ന് എന്‍.സി.പി മന്ത്രിയെയും ഉള്‍പ്പെടുത്തുകയായിരുന്നു. അതിനു ശേഷമായിരുന്നു സി.പി.ഐ മന്ത്രിമാര്‍. അച്ചടിച്ച ഡയറിയില്‍ ഇത്തരമൊരു ഒതുക്കല്‍ നടന്നെന്ന് മുഖ്യമന്ത്രിയെ സി.പി.ഐ മന്ത്രിമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ നേതൃയോഗത്തിലും ഈ വിഷയം ഉയര്‍ന്നിരുന്നു. സി.പി.ഐ ആവശ്യമുന്നയിച്ചതോടെ അച്ചടി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. നാലു ലക്ഷം ഡയറികളാണ് അച്ചടിക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലാണ് അച്ചടി വകുപ്പ്.

അതിനിടെ ഡയറിയിലെ മുന്‍ഗണന ക്രമം സംബന്ധിച്ച് പൊതുഭരണ വകുപ്പ് കത്ത് നല്‍കിയെങ്കിലും  ഇതിന് മറുപടി ലഭിച്ചില്ളെന്നാണ് സൂചന. നേരത്തേ സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ കാറിന്‍െറ നമ്പര്‍, പാര്‍ക്കു ചെയ്യുന്ന സ്ഥലം എന്നിവയെ കുറിച്ചും അഭിപ്രായഭിന്നത ഉയര്‍ന്നിരുന്നു.

Tags:    
News Summary - govt diary printing stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.