ചില്ലറയെച്ചൊല്ലി തർക്കത്തിനിടെ കണ്ടക്ടർ ബസിൽനിന്ന് തള്ളിയിട്ട 68കാരൻ മരിച്ചു

തൃശൂര്‍: ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയുംചെയ്ത 68കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ കരുവന്നൂര്‍ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രില്‍ രണ്ടിനായിരുന്നു പവിത്രനെ കണ്ടക്ടര്‍ ബസ്സില്‍നിന്ന് തള്ളിയിട്ടത്. പിന്നാലെ റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.

ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് 12ഓടെ തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്ത ബസിന്‍റെ കണ്ടക്ടർ ഊരകം സ്വദേശി രതീഷാണ് പവിത്രനെ മർദിച്ചത്. ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപത്ത് വച്ച് പവിത്രനെ കണ്ടക്ടര്‍ ഊരകം സ്വദേശി രതീഷ് തള്ളി താഴെയിടുകയായിരുന്നു. റോഡരികിലെ കല്ലില്‍ തലയടിച്ച് വീണ പവിത്രന്‍റെ തല പിടിച്ച് കണ്ടക്ടര്‍ വീണ്ടും കല്ലില്‍ ഇടിച്ചതായും പവിത്രന്‍റെ മകന്‍ പ്രണവ് പറഞ്ഞു.

പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലേയ്ക്കും മാറ്റി. എന്നാൽ, തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. കണ്ടക്ടര്‍ രതീഷിനെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.