വയനാട് പുനരധിവാസം: ടൗൺഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് 26.5 കോടി നഷ്ടപരിഹാരം

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ -ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് 26.5 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ടൗൺഷിപ്പ് നിർമിക്കുന്നതിന് വൈത്തിരി താലൂക്ക് കൽപ്പറ്റ വില്ലേജിൽ ഉൾപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിന് വിശദവില വിവര റിപ്പോർട്ടിൽ പരാമർശിച്ച തുക (26,56,10,769 രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കാണ് തീരുമാനം.

ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടി 10 ലക്ഷം രൂപ വീതം അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. 18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. തുക ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.

വയനാട് ടൗൺഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിർവ്വഹണ യൂണിറ്റിൽ വിവിധ തസ്തികൾ അനുവദിച്ചിട്ടുണ്ട്. അക്കൗണ്ട്സ് ഓഫീസർ, സിവിൽ എൻജിനീയർ എന്നീ തസ്തികകൾ സൃഷ്ടിക്കും. ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ എന്ന തസ്തിക ഫിനാൻസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്യും. സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർക്ക് അനുമതി നൽകും. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.  

Tags:    
News Summary - Govt decided to allocate Rs 26.5 crore as compensation for land acquired for rehabilitation of Wayand landslide victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.