ഗവര്‍ണര്‍ രാജ്ഭവനെ ആര്‍.എസ്.എസ് ആസ്ഥാനമാക്കുന്നു, രാഷ്ട്രപതി ഇടപെടണം -കെ.സി. വേണു​ഗോപാൽ

തിരുവനന്തപുരം: ​ഭാരതാംബ വിവാദത്തിൽ ​ഗവർണർ രാജേന്ദ്ര അർലേക്കറെ രൂക്ഷമായ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ രംഗത്ത്. ഗവര്‍ണര്‍ രാജ്ഭവനെ ആര്‍.എസ്.എസ് ആസ്ഥാനമാക്കുകയാണെന്നും ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നുവെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഗവര്‍ണര്‍ രാജ്ഭവനെ ആര്‍.എസ്.എസ് ആസ്ഥാനമാക്കുകയാണ്. ഭരണഘടനാപദവി അദ്ദേഹം ദുരുപയോഗം ചെയ്യുന്നു. ഗവർണർ പദവിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് ദിവസവും. മന്ത്രിമാര്‍ പോയിട്ട് ഇറങ്ങി വരുന്നത് നാടകത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്ക് കത്തെഴുതണം. വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇടപെടണം” -കെ.സി. വേണു​ഗോപാൽ പറഞ്ഞു. തരൂര്‍ വിഷയത്തില്‍ തൽക്കാലം വിവാദം വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

നേരത്തെ ഭാ​ര​താം​ബ വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിച്ച് ഗവർണർക്ക് കത്തയക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ പരിപാടി രാജ്ഭവനിൽ സംഘടിപ്പിക്കുമ്പോൾ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബയുടെ ചിത്രം പാടില്ലെന്ന് കർശനമായി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാ​ജ്​​ഭ​വ​നി​ൽ നടന്ന സ​ർ​ക്കാ​ർ പ​രി​പാ​ടി​യിൽ ഭാ​ര​താം​ബ ചി​ത്രം ഇ​ടം​പി​ടി​ച്ചതിൽ പ്ര​തി​ഷേ​ധിച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇ​റ​ങ്ങി​പ്പോ​യതോടെയാണ് വീണ്ടും വിവാദമുയർന്നത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ രാ​ജ്​​ഭ​വ​നി​ൽ ന​ട​ന്ന സ്കൗ​ട്ട്​ ആ​ൻ​ഡ്​ ഗൈ​ഡ്​​സി​ന്‍റെ രാ​ജ്യ​പു​ര​സ്കാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ദാ​ന ച​ട​ങ്ങി​ലാ​ണ്​ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്​. പ​രി​പാ​ടി​ക്കെ​ത്തി​യ കു​ട്ടി​ക​ളി​ൽ വ​ർ​ഗീ​യ​ത തി​രു​കി​ക്ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ന്നും രാ​ജ്​​ഭ​വ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും കു​ടും​ബ​സ്വ​ത്ത​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്കു പറഞ്ഞു.

പി​ന്നാ​ലെ, മ​ന്ത്രി പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചെ​ന്നും ഗ​വ​ർ​ണ​റെ അ​പ​മാ​നി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ്​​ഭ​വ​ൻ വാ​ർ​ത്ത​ക്കു​റി​പ്പിറ​ക്കി. എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​ന ലം​ഘി​ച്ചെ​ന്നും അ​ധി​കാ​രം മ​റ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചെ​ന്നും മ​ന്ത്രി തി​രി​ച്ച​ടി​ച്ചു. ഭാ​ര​താം​ബ​യെ മാ​റ്റി​നി​ർ​ത്തു​ന്ന പ്ര​ശ്ന​മു​ദി​ക്കു​ന്നി​ല്ലെ​ന്ന്​ പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​റും വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, പ​രി​സ്ഥി​തിദി​ന പ​രി​പാ​ടി​യി​ൽ ഭാ​ര​താം​ബ ചി​ത്രം വെ​ച്ച​ത്​ വി​വാ​ദ​മാ​യ​തോ​ടെ കൃഷി മന്ത്രി പി. പ്രസാദ് പരിപാടി ബഹിഷ്കരിച്ചിരുന്നു. ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ ചി​ത്ര​മു​ണ്ടാ​കി​ല്ലെ​ന്ന രീ​തി​യി​ൽ രാ​ജ്​​ഭ​വ​നി​ൽനി​ന്ന്​ പ്ര​തി​ക​ര​ണ​മു​ണ്ടാ​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Governor making Raj Bhavan the headquarters of RSS, President should intervene, says KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.