മയക്കുമരുന്ന് വ്യാപനം തടയാൻ സർക്കാരുകൾ ഇഛാശക്തിയോടെ ഇടപെടണം- ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ

തിരുവനന്തപുരം: സമൂഹത്തിൽ ഇന്നുള്ള മയക്കുമരുന്നുകളുടെ വ്യാപനം തടയാൻ സർക്കാരുകൾ ഇഛാശക്തിയോടെ ഇടപെടണമെന്ന് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ. സൗരക്ഷിക തിരുവനന്തപുരം ജില്ല കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മാർഥതയോടെയും സമൂഹത്തോട് പ്രതിബദ്ധതയോടും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ഒരു സ്ഥാനത്ത് ഇരുന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ ഋഷിരാജ് സിങ്ങിനെ പോലുള്ളവർ മയക്കുമരുന്നിനെതിരെ ശക്തമായ നടപടി എടുത്തിരുന്നു. അത്തരം ഉദ്യോഗസ്ഥർക്ക് തുടർച്ചയായി ഒരു സ്ഥാനത്തിരുന്ന് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിവിശേഷവുമുണ്ട്.

സർക്കാർ വിചാരിച്ചാൽ ഇതെല്ലാം നിയന്ത്രിക്കാൻ സാധിക്കും. സർക്കാരുകളുടെ ഇഛാശക്തിയില്ലാത്തതാണ് പല നടപടിയും പരാജയപ്പെടാൻ കാരണം. കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറ്റ് ഏതെങ്കിലും രാജ്യത്തെ സ്ഥിതിവിശേഷം വച്ചു കൊണ്ടുള്ള പ്രവർത്തന പദ്ധതി നമ്മുടെ രാജ്യത്ത് ഫലപ്രദമാവുകയില്ല. അതാത് രാജ്യത്തെ സാഹചര്യമനുസരിച്ചുള്ള പ്രത്യേക പദ്ധതികളാണ് ഉണ്ടാകേണ്ടത്. അടുത്ത തലമുറക്ക് സുഖകരമായി ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്. അതിനുള്ള പ്രവർത്തനം ബാലാവകാശ സംരക്ഷണ പ്രവർത്തനം നടത്തുന്ന സംഘടനകൾ ഒരുമിച്ച് നിന്ന് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സൗരക്ഷിക സംസ്ഥാന ജനറൽ സെക്രട്ടറി ജി. സന്തോഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സൗരക്ഷിക സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ശ്രീകാര്യം വിഷയാവതരണം നടത്തി.

Tags:    
News Summary - Governments should intervene with will to stop the spread of drugs- Justice MR. Hariharan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.