ആഭിചാരവും മന്ത്രവാദവും നിരോധിക്കാനില്ലെന്ന് സർക്കാർ; ദുരാചാരങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുകയാണോയെന്ന് ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് മന്ത്രവാദത്തിനും ആഭിചാര പ്രവൃത്തികൾക്കും സർക്കാർ അംഗീകാരം നൽകുകയാണോയെന്ന് ഹൈകോടതി. ദുരാചാരങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാമെന്ന നിലപാടാണോ സർക്കാറിനുള്ളത്​. നിയമപരമായി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഏത്​ തരത്തിലുള്ള നിയന്ത്രണ നടപടികളാണ്​ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ വാക്കാൽ ആരാഞ്ഞു.

മന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിരോധിക്കാനുള്ള നിയമനിർമാണ നീക്കത്തിൽനിന്ന് പിന്മാറിയതായി സർക്കാർ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് കോടതി ഇങ്ങനെ ചോദിച്ചത്​. ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി എം. മഞ്ജു സമർപ്പിച്ച വിശദീകരണം തള്ളിയ കോടതി, ഉയർന്ന ഉദ്യോഗസ്ഥനായ സെക്രട്ടറിതന്നെ വിശദ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു.

മന്ത്രവാദ, ആഭിചാര നിരോധന നിയമനിർമാണത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹരജിയിൽ കോടതി നേരത്തെ സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഇതിലാണ്​ സർക്കാർ സത്യവാങ്​മൂലം സമർപ്പിച്ചത്​. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമീഷന്റെ ശുപാർശ പ്രകാരം, ‘കേരള പ്രിവൻഷൻ ആന്‍റ്​ ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആന്‍റ്​ ബ്ലാക്ക്​ മാജിക് ബിൽ 2022’ എന്ന പേരിൽ നിയമനിർമാണം ആലോചിച്ചിരുന്നതായി സർക്കാർ ബോധിപ്പിച്ചു. എന്നാൽ, 2023 ജൂലൈ അഞ്ചിലെ മന്ത്രിസഭാ യോഗം ഇതുമായി മുന്നോട്ടുപോകേണ്ടെന്ന് തീരുമാനിച്ചു. പ്രത്യേക വിഷയത്തിൽ നിയമ നിർമാണത്തിന് നിർദേശിക്കാൻ കോടതികൾക്കാവില്ലെന്നും ഹരജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

നിയമനിർമാണത്തിന് നിർബന്ധിക്കാനാകില്ലെന്ന വാദം ശരിയാണെങ്കിലും ഒരു ഇടപെടലും പാടില്ലെന്ന അർഥം അതിനില്ലെന്ന്​ കോടതി വ്യക്​തമാക്കി. സാമൂഹിക പ്രാധാന്യമുള്ള വിഷയത്തിൽ ഇത്തരമൊരു സത്യവാങ്മൂലമല്ല പ്രതീക്ഷിക്കുന്നത്. തുടർന്നാണ്​ മൂന്നാഴ്ചക്കകം സെക്രട്ടറിതന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചത്​. ഹരജി വീണ്ടും ജൂലൈ 15ന് പരിഗണിക്കും.

Tags:    
News Summary - Government will not make a law to ban witchcraft and sorcery; High Court expresses dissatisfaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.