കൊച്ചി: ദുർമന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിയന്ത്രിക്കുന്നതിനുള്ള നിയമ നിർമാണത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. നിയമപരവും ഭരണഘടനാപരവുമായ സങ്കീർണതകൾമൂലം നടപടികൾ വൈകുന്നതാണ്.
നിലവിലെ നിയമങ്ങൾകൊണ്ട് മന്ത്രവാദവും ആഭിചാര പ്രവൃത്തികളും നിയന്ത്രിക്കാനാവുമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, നിയമനിർമാണം വൈകിപ്പിക്കുന്ന സങ്കീർണതകൾ എന്താണെന്ന് വ്യക്തമായി അറിയിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ദുർമന്ത്രവാദം, കൂടോത്രം എന്നിവയുടെ പേരിൽ അഞ്ചുവർഷത്തിനുള്ളിലെടുത്ത കേസുകളുടെ വിവരങ്ങൾ അറിയിക്കാനും കോടതി നിർദേശിച്ചു.
നിയമനിർമാണത്തിൽനിന്ന് പിൻവാങ്ങുന്നതായി ചൂണ്ടിക്കാട്ടി സർക്കാർ നേരത്തേ വിശദീകരണം നൽകിയിരുന്നു. എന്നാൽ, ദുരാചാരങ്ങളെ സർക്കാർ അംഗീകരിക്കുകയാണോയെന്ന് ചോദിച്ച കോടതി, ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഉയർന്ന ഉദ്യോഗസ്ഥൻ മറുപടി നൽകാനും നിർദേശിച്ചിരുന്നു. തുടർന്ന് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാറിന്‍റെ നിലപാട് മാറ്റം വ്യക്തമാക്കിയത്.
നിയമനിർമാണം സംബന്ധിച്ച തീരുമാനം എപ്പോൾ ഉണ്ടാകുമെന്നും ചർച്ചകൾ എപ്പോൾ പൂർത്തിയാകുമെന്നും അറിയിക്കാനും കോടതി നിർദേശിച്ചു. ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും ആഗസ്റ്റ് അഞ്ചിന് പരിഗണിക്കാൻ മാറ്റി.
അന്ധവിശ്വാസവും വിശ്വാസവും വേർതിരിക്കാനുള്ള സങ്കീർണതയാണ് നിയമനിർമാണം വൈകാൻ കാരണമെന്നാണ് സർക്കാറിന്‍റെ സത്യവാങ്മൂലത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.