പിണറായി വിജയൻ
തിരുവനന്തപുരം: ഓണക്കാലത്ത് കേരളീയരുടെ കീശ ചോരില്ലെന്നും വിപണി ഇടപെടലിന്‍റെ ഭാഗമായി രണ്ടര ലക്ഷത്തോളം ക്വിന്‍റൽ ഭക്ഷ്യധാന്യം സർക്കാർ സംഭരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ലക്ഷം ക്വിന്‍റൽ അരി, 45,000 ക്വിന്‍റൽ പഞ്ചസാര അടക്കമുള്ളവയാണ് സംഭരിച്ചത്. സപ്ലൈകോ ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിപണി ഇടപെടൽ എത്രമാത്രം ഫലം കാണുന്നുവെന്നതിന്‍റെ തെളിവാണ് വെളിച്ചെണ്ണ വിലയിലുണ്ടായ കുറവ്. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം ഉണ്ടാവേണ്ടത് ഇവിടെയാണ്. എന്നാൽ, സർക്കാർ ഇടപെടലിലൂടെ വില പിടിച്ചുനിർത്താനായി. ഈ ഓണക്കാലത്ത് 250 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്.
ഓണക്കാല വിതരണത്തിന് ഒരുമണി അരിപോലും കേന്ദ്രം നൽകിയിട്ടില്ല. എന്തെല്ലാം പ്രയാസങ്ങളും തടസ്സങ്ങളും ഉണ്ടായാലും സാധാരണക്കാരന് ആശ്വാസമേകുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്നോട്ടില്ല. കേന്ദ്രസർക്കാർ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമ്പോൾ അധിക വിഭവ സമാഹരണത്തിലൂടെയാണ് നാടിന്‍റെ ക്ഷേമവും വികസനവും സർക്കാർ ഉറപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യവിൽപനയും മുഖ്യമന്ത്രി നിർവഹിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. മേയർ എസ്. ആര്യ രാജേന്ദ്രൻ, ആഡ്വ. ആന്‍റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സപ്ലൈകോ ചെയർമാൻ എം.ജി. രാജമാണിക്യം തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, സപ്ലൈകോയിൽ വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണക്ക് ലിറ്ററിന് 339 രൂപയും സബ്സിഡി ഇതര വെളിച്ചെണ്ണക്ക് 389 രൂപയുമാണ് പുതിയ വില. സബ്‌സിഡി ഇനത്തിന് പത്തു രൂപയും സബ്സിഡി ഇതര ശബരി വെളിച്ചെണ്ണക്ക് 40 രൂപയുമാണ് കുറച്ചത്. കേര വെളിച്ചെണ്ണക്ക് 28 രൂപ കുറച്ചു. കേര ലിറ്ററിന് 429 രൂപയാണ് പുതുക്കിയ വിലയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.