നെയ്യാറ്റിന്‍കര: ബന്ധുക്കളും അയല്‍വാസികളുമറിയാതെ സംസ്കരിച്ച നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി(78)യുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കാന്‍ സാധ്യത. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക. തിങ്കളാഴ്ചയോടെ കാര്യങ്ങള്‍ തീരുമാനിച്ച് തുടര്‍ നടപടിയുണ്ടാകും.
സംസ്‌കാരം നടത്തിയ ശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയായിരുന്നു മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ, നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവൽ ഏര്‍പ്പെടുത്തി.
അയല്‍വാസികളറിയാതെ വീട്ടിലെ നാലുപേര്‍ മാത്രം ചേര്‍ന്ന് മൃതദേഹം മറവ് ചെയ്തതാണ് സംശയത്തിനിടയാക്കിയത്. ഗോപന്‍ സ്വാമിയെ മറവ് ചെയ്തത് സംബന്ധിച്ച് മക്കള്‍ നല്‍കിയ മറുപടിയില്‍ നാട്ടുകാര്‍ തൃപ്തരല്ലായിരുന്നു. ഗോപന്‍ സ്വാമി സമാധിയായത് കാരണം കൃത്യസമയത്ത് പൂജാകർമങ്ങള്‍ നടത്താനുള്ളതിനാലാണ് നാട്ടുകാരോടും ബന്ധുക്കളോടും മരണവിവരം പറയാതിരുന്നതെന്ന് വീട്ടുകാര്‍ പറയുന്നു. സമാധിയാകുമെന്ന് ഗോപന്‍ സ്വാമി അറിയിച്ചിരുന്നതായി ഇവര്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ സമാധിയാകാന്‍ സമയമായെന്ന് അറിയിച്ച് ഗോപന്‍ സ്വാമി വീടിന് മുന്നിലെ കല്ലില്‍ തീര്‍ത്ത സ്ഥലത്ത് പോയിരുന്നതായും തുടര്‍ന്ന്, മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരം നിശ്ചലമായതോടെ 15 മണിക്കൂറിലേറെ നീണ്ട പൂജാകർമങ്ങള്‍ക്കുശേഷം സംസ്‌കാരം നടത്തിയെന്നുമാണ് മകന്‍ രാജസേനന്‍ പറയുന്നത്. മക്കള്‍ സനന്ദനും പൂജാരിയായ രാജസേനനും ചേര്‍ന്നാണ് ഗോപന്‍ സ്വാമിയെ ഇരുത്തി സംസ്‌കാരം നടത്തിയത്. സമാധി ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലാത്തതിനാൽ വീട്ടിലെ സ്ത്രീകള്‍ക്ക് ഗോപന്‍ സ്വാമിയെ ഇരുത്തി സ്ലാബിട്ട് മൂടാന്‍ ശ്രമിക്കും മുമ്പ് തൊഴുതശേഷം പോയെന്നും മക്കള്‍ പറയുന്നു.
ഗോപന്‍ സ്വാമിയുടെ വീടിന് മുന്നില്‍ കുടുംബം സ്ഥാപിച്ച ക്ഷേത്രത്തിലെ പൂജാരിയാണ് മകന്‍. നാട്ടുകാരില്‍ ചിലര്‍ ക്ഷേത്രം ട്രസ്റ്റാക്കി കൈയടക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പലപ്പോഴും ഈ കുടുംബം മാത്രമാണ് ഇവിടെ ദര്‍ശനം നടത്തിയിരുന്നത്. പുലര്‍ച്ച മൂന്ന് മണിക്കാണ് പൂജാകർമങ്ങള്‍ നടത്തിയിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പുറത്ത് ആരുമായും അധികം ബന്ധം പുലര്‍ത്താതെയാണ് കുടുംബം കഴിഞ്ഞിരുന്നത്.
ഗോപന്‍ സ്വാമിയുടെ മരണത്തില്‍ ദുരൂഹത മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തോടെയാണ് പൊലീസ് നടപടികളിലേക്ക് നീങ്ങിയത്. നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവലും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.