കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ പ്രതികരിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ''മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ ആണെന്റെ ഹീറോ'' എന്നാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
''ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും''- എന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്.
ഇന്ന് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിൽ ബി. ഗോപാലകൃഷ്ണൻ ഇക്കാര്യം പറയുന്ന വീഡിയോ പ്രദർശിപ്പിച്ചിരുന്നു. തന്റെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഗോപാലകൃഷ്ണന്റെ പ്രതികരണം എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ആഗസ്റ്റിൽ തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്ന സമയത്തായിരുന്നു ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞത്.
കഴിഞ്ഞ ആഗസ്റ്റിൽ തൃശ്ശൂരിലെ ഇരട്ട വോട്ട് ആരോപണം ഉയർന്ന പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.
'സുരേഷ് ഗോപിക്ക് വേണ്ടി 86 കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2019ൽ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് 2024 ൽ 3.27 ലക്ഷം ആയി കുറഞ്ഞു.ബാക്കി 90,000 എവിടെ പോയി?തൃശൂരില്‍ മരിച്ച ആളുടെ പേരിൽ ആരും വോട്ട് ചെയ്തിട്ടില്ല. ഒരാൾ രണ്ടുവോട്ടുകളും ചെയ്തിട്ടില്ല. ഏത് വിലാസത്തിൽ വേണമെങ്കിലും വോട്ട് ചേർക്കാം. ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും.നാളെയും ചെയ്യും'. എന്നായിരുന്നു ഗോപാലകൃഷ്ണന്‍ അന്ന് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.