തൃശൂർ: മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ നല്ലങ്കരയിൽ പൊലീസിനെ ആക്രമിക്കുകയും മൂന്ന് പൊലീസ് ജീപ്പുകൾ തകർക്കുകയുംചെയ്ത സംഭവത്തിൽ പിടിയിലാകാനുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ശിവ എന്നയാളെയാണ് ഇനി പിടികൂടാനുള്ളത്. ജൂൺ 28ന് പുലർച്ചയാണ് സംഭവം നടന്നത്. ആസമയംതന്നെ ആറ് പ്രതികളെ പിടികൂടിയിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ സാരമായി പരിക്കേറ്റ ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിൽ നാലുപേരെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് താടിയെല്ലിന് പരിക്കുണ്ട്. ഇയാൾക്കും തുടർചികിത്സ ആവശ്യമാണ്.
28ന് ജന്മദിനാഘോഷ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. പാർട്ടിക്കെത്തിയവർ തമ്മിൽ സംഘട്ടനമുണ്ടായതോടെ ഇതിൽ സഹോദരങ്ങളുടെ മാതാവ് പൊലീസിനെ അറിയിച്ചു. പൊലീസെത്തി രണ്ടു പേരെ പിടികൂടി കൊണ്ടുപോകാൻ ശ്രമിക്കവേയാണ് ആക്രമണമുണ്ടാവുകയും ജീപ്പുകൾ തകർക്കുകയും ചെയ്തത്.
സംഭവത്തിൽ ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പിൽ മുഹമ്മദ് അൽത്താഫ് (34), സഹോദരൻ കാട്ടുപറമ്പിൽ അൽഅഹദിൽ (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂർ തറയിൽ വീട്ടിൽ ഇവിൻ ആൻറണി (24), മൂർക്കനിക്കര സ്വദേശിയായ പടിഞ്ഞാറേ വീട്ടിൽ ബ്രഹ്മജിത്ത് (22), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂർ തറയിൽ വീട്ടിൽ ആഷ്മിർ ആൻറണി (24), ചെമ്പൂക്കാവ് സ്വദേശിയായ മറിയ ഭവനിലെ ഷാർബൽ (19) എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.