കോട്ടയം: ഗുഡ്സ് വാഗണുകളിലെ ഇന്ധന ചോർച്ചയെ തുടർന്നുണ്ടായ തീ അണച്ചശേഷം സുരക്ഷ പരിശോധന നടത്തിക്കൊണ്ടിരിക്കെ ട്രെയിൻ ഓടിച്ചുപോയ സംഭവത്തിൽ റെയിൽവേക്കെതിരെ പരാതിയുമായി ഫയർഫോഴ്സ്. ഫയർഫോഴ്സ് കോട്ടയം യൂനിറ്റ് മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കോ പൈലറ്റിനും ഗാർഡിനുമെതിരെ റെയിൽവേ അന്വഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.15ന് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം മുട്ടമ്പലം പാറയ്ക്കൽ റെയിൽവേ ഗേറ്റിനടുത്ത് പിടിച്ചിട്ട് സുരക്ഷ പരിശോധനയും മറ്റും നടത്തുന്നതിനിടെയാണ് മുന്നറിയിപ്പില്ലാതെ ട്രെയിൻ വിട്ടുപോയത്.
13 ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ട്രാക്കിലും വാഗണിന് മുകളിലുമായി ഉണ്ടായിരുന്നപ്പോഴാണിത്. പൊലീസ് സംഘമുൾപ്പെടെ ഇതോടെ ട്രാക്കിൽനിന്നും ട്രെയിെൻറ മുകളിൽനിന്നും പൊടുന്നനെ ചാടിമാറി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ റെയിൽവേ ക്രോസിൽ അഗ്നിശമന സേന വാഹനവും ഈസമയം കിടപ്പുണ്ടായിരുന്നു. വാഹനവും പൊടുന്നനെ നീക്കാൻ കഴിഞ്ഞതിനാലാണ് വൻദുരന്തം ഒഴിവായത്. ഓടിച്ചുപോയ ട്രെയിൻ പിന്നീട് നിർദേശത്തെ തുടർന്ന് ചങ്ങനാശ്ശേരിയിൽ പിടിച്ചിട്ട് സുരക്ഷ ഉറപ്പുവരുത്തിയാണ് വിട്ടയച്ചത്.
സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് ഫയർഫോഴ്സ് കോട്ടയം സ്റ്റേഷൻ ഓഫിസർ കെ.വി. ശിവദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച വാഗണുകളുമായി കൊച്ചി ഇരുമ്പനത്തുനിന്ന് തിരുനെൽവേലിയിലേക്ക് പോവുകയായിരുന്ന ട്രെയിനിെൻറ 10 വാഗണുകളിലാണ് ഇന്ധന ചോർച്ച ഉണ്ടായത്.
കോട്ടയം സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് രണ്ടാം തുരങ്കം പിന്നിട്ടപ്പോഴാണ് പിൻഭാഗത്തെ വാഗണുകളിലൊന്നിെൻറ മുകളിൽ തീപ്പൊരി കണ്ടത്. നാട്ടുകാർ ബഹളംെവച്ചതോടെ സംഭവം ശ്രദ്ധയിൽപെട്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ഡീസൽ നിറച്ച വാഗണുകളിലൊന്നിലാണ് തീപിടിച്ചത്. വാഗണിനുള്ളിലെ ഷെല്ലുകൾ തകരാറിലായതാണ് ചോർച്ച ഉണ്ടാകാൻ കാരണമെന്നാണ് ഫയർഫോഴ്സ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.