സ്വര്‍ണക്കടത്ത് കേസിൽ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ -ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ യു.ഡി.എഫ് ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്ന കള്ളങ്ങള്‍ തെളിയണമെങ്കില്‍ അന്വേഷണ ഏജന്‍സി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരിശോധന നടത്തണം. ആ സാഹചര്യത്തിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. പിടിച്ച് നില്‍ക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാതായതോടെ ജാതിയും മതവും പറയേണ്ട ഗതികേടിലേക്ക് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.

കള്ളം പറയാന്‍ വേണ്ടിയാണ് ദിവസവും വാർത്താസമ്മേളനങ്ങൾ അദ്ദേഹം നടത്തുന്നത്. മതേതര രാഷ്ട്രത്തില്‍ വര്‍ഗീയത പറയാമോയെന്നും വര്‍ഗീയത ഇളക്കി വിടാമോയെന്നും ചെന്നിത്തല ചോദിച്ചു. നയതന്ത്രമാർഗം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ജലീലിന് പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അതേസമയം, സ്വര്‍ണം കൊണ്ടു വന്നിരിക്കാമെന്നും കള്ളക്കടത്ത് നടന്നിരിക്കാമെന്നുമാണ് മന്ത്രി ജലീല്‍ വ്യക്തമാക്കുന്നത്. മന്ത്രിയെ രക്ഷിക്കാന്‍ വര്‍ഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.