ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത് പിക്അപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ നരഹത്യക്ക് കേസ്. വാൻ ഡ്രൈവർ രാജേഷിന്റെ മരണത്തില്‍ നിര്‍മാണക്കമ്പനിയുടെ ജീവനക്കാരെ പ്രതിയാക്കിയും നിർമാണത്തിലെ വീഴ്ച വ്യക്തമാക്കിയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അരൂർ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ 105ാം വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യയാണ് ചുമത്തിയിട്ടുള്ളത്.
ഇത് ജാമ്യമില്ലാത്ത വകുപ്പായതുകൊണ്ട് അറസ്റ്റിലായാല്‍ പ്രതികള്‍ റിമാന്‍ഡിലാകും. കൂടുതല്‍ ചോദ്യംചെയ്യലിനായി പൊലീസിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങാം. കരാര്‍കമ്പനിക്ക് സംഭവിച്ച എല്ലാ പാളിച്ചകളും എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെ തൂണുകള്‍ക്ക് മുകളില്‍ ബീമുകള്‍ കയറ്റിയാല്‍, സ്വാഭാവികമായും അത് താഴെവീഴാനും അപകടം ഉണ്ടാകാനുമുള്ള സാധ്യത പ്രതികള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും സുരക്ഷാക്രമീകരണങ്ങളോ ട്രാഫിക് നിയന്ത്രണങ്ങളോ ഏർപ്പെടുത്താതെ ഗര്‍ഡര്‍ കയറ്റുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ തകർന്ന് പിക്അപ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. വിശദമായ അന്വേഷണത്തിന് വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. വിദഗ്ധസമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം ഉചിത നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.