മൂലമറ്റം വൈദ്യുതി നിലയം
മൂലമറ്റം: മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിലെ അഞ്ച്, ആറ് നമ്പർ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി നിലയം പൂർണമായും അടച്ചു. ചൊവ്വാഴ്ച വൈകുന്നേരം 7.30 മുതൽ ഓരോ ജനറേറ്ററുകൾ ഘട്ടംഘട്ടമായി ഓഫ് ചെയ്ത് രാത്രി 9.15ഓടെ അഞ്ച് ജനറേറ്ററുകളും നിശ്ചലമാക്കി. ആറാം നമ്പർ ജനറേറ്റർ ഏതാനും ദിവസങ്ങളിലായി അറ്റകുറ്റപ്പണികൾക്കായി ഓഫ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മന്ത്രിതല ചർച്ചകൾക്ക് ശേഷമാണ് അറ്റകുറ്റപ്പണിക്ക് ധാരണയായത്. ഡിസംബർ പത്താം തീയതി വരെയായിരിക്കും ജോലികൾ. നിലയത്തിലേക്ക് ജലം എത്തുന്ന മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താതിരിക്കുന്നത് ഇടുക്കി ഭൂഗർഭ നിലയത്തിന്‍റെ സുരക്ഷയെ തന്നെ ബാധിക്കുമെന്നതിനാലാണ് തിടുക്കത്തിൽ പ്രവൃത്തികൾ നടത്തുന്നത്.
4,5,6 നമ്പർ ജനറേറ്ററുകളിലേക്ക് ജലമെത്തിക്കുന്ന ബട്ടർഫ്ലൈ വാൽവിലും ചോർച്ചയുണ്ട്. യൂണിറ്റ് 5, 6 എന്നിവയിലെ തകരാറിലായ അപ്പ്സ്ട്രീം സീലുകളിലാണ് അറ്റകുറ്റപ്പണി. പരമാവധി വേഗത്തിൽ ജോലികൾ തീർക്കാനാണ് ശ്രമം. ഇതിനായി കൂടുതൽ ജീവനക്കാരെ വിളിച്ചു വരുത്തിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം നിലയം പൂർണമായും അടക്കുമ്പോൾ ഉണ്ടാകുന്ന കുടിവെള്ള ക്ഷാമം എങ്ങനെ പരിഹരിക്കും എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വൈദ്യുതി മന്ത്രിയുമായി ചർച്ച ചെയ്ത് ബദൽ മാർഗം ഒരുക്കുമെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നത്. നിലയം അടച്ചാലും ആദ്യ പത്ത് ദിവസത്തേക്ക് മലങ്കര അണക്കെട്ടിലേയും തൊടുപുഴ- മൂവാറ്റുപുഴ ജലാശയങ്ങളിലെയും ജലം ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തുലാമഴ കൂടി ലഭിച്ചാൽ കൂടുതൽ ദിവസം പ്രതിസന്ധി ഇല്ലാതെ കടന്നുപോകാൻ കഴിയും. എന്നാൽ മഴ കിട്ടാതെ വന്നാൽ മലങ്കര അണക്കെട്ടിനെയും തൊടുപുഴ ജലാശയത്തെയും ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടുന്ന സാഹചര്യം ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.