ജെന്‍ഡര്‍ ന്യൂട്രാലിറ്റി: സര്‍ക്കാര്‍ നിലപാടില്‍ ഇനിയും വ്യക്തത വരുത്തണം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: പാഠ്യപദ്ധതി ചട്ടക്കൂടില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആശയങ്ങള്‍ കടന്നുവന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.

പാഠ്യപദ്ധതിയിലെ വാക്കുമാറ്റവും മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടിയും പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ മാത്രമുള്ളതാകരുത്. പാഠ്യപദ്ധതിയിലും സര്‍ക്കാര്‍ നിലപാടിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. ലിംഗസമത്വം എന്നതിന് പകരം ലിംഗനീതി എന്നുപയോഗിച്ചത് സ്വാഗതാര്‍ഹമാണ്. എല്‍.ജി.ബി.ടി.ക്യൂവിനുള്ള പ്രത്യേക പരിഗണന, ഇടകലര്‍ത്തിയിരുത്തല്‍ എന്നീ ആശയങ്ങള്‍ ഒഴിവാക്കിയെങ്കിലും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ലിംഗശങ്കയിലേക്ക് തള്ളിവിടുന്ന സ്വഭാവത്തില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ സ്‌പെക്ട്രം എന്നീ ആശയങ്ങള്‍ അതേപടി പാഠ്യപദ്ധതിയില്‍ നിലനില്‍ക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരം യൂനിഫോം അടിച്ചേല്‍പ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വിശദീകരണം വിഷയത്തെ ലഘൂകരിക്കുകയാണ് ചെയ്യുന്നത്.

തദ്ദേശ സ്ഥാപനങ്ങളോട് ജെന്‍ഡര്‍ പൊളിറ്റിക്‌സിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കാന്‍ കൈപുസ്തകത്തില്‍ നിര്‍ദേശിക്കുന്ന സര്‍ക്കാര്‍, സ്‌കൂള്‍ യൂനിഫോം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കും പി.ടി.എകള്‍ക്കും തീരുമാനിക്കാമെന്ന സമീപനം സ്വീകരിക്കുന്നത് ദുരൂഹമാണ്. ശാസ്ത്രീയമായ അടിത്തറയില്ലാത്ത സിദ്ധാന്തങ്ങളെ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ നടപ്പാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Gender neutrality: The government should clarify its position - Jamaat-e-Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.