പത്തനംതിട്ട: മാര്‍ത്തോമ സുറിയാനി സഭ റാന്നി^നിലക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാേപ്പാലീത്ത (73) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ച 4.40നായിരുന്നു അന്ത്യം. കബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് തിരുവല്ലയിൽ.
തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയിന്‍കണ്ടത്തില്‍ പരേതരായ സി.ഐ. ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ്. സി.ഐ. ജോർജ് എന്നായിരുന്നു പേര്. 1969 ജൂൺ 14ന് വൈദികനായി. 1989 ഡിസംബർ ഒമ്പതിന് ഡോ. അലക്‌സാണ്ടർ മാർത്തോമ മെത്രാേപ്പാലീത്ത മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി. 2015 ഒക്ടോബർ രണ്ടിന് സഫ്രഗൻ മെത്രാേപ്പാലീത്തയായി.
മികച്ച വാഗ്മിയും കവിയുമാണ്. ആത്മീയ പ്രവർത്തന ജീവിതത്തിനൊപ്പം പരന്ന വായനയിലും ശ്രദ്ധപുലർത്തിയ വ്യക്തിയാണ് ഇദ്ദേഹം. പരിസ്ഥിതി വിഷയങ്ങളിലും ഇടപെട്ടിരുന്നു. കവിതപോലുള്ള പ്രഭാഷണങ്ങളായിരുന്നു മെത്രാേപ്പാലീത്തയുടെ പ്രത്യേകത. വായിച്ചതിൽനിന്നു പലതും കുറിച്ചു സൂക്ഷിക്കുകയും അവ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ഉപയോഗിക്കുകയും ചെയ്തിരുന്നു. രോഗാവസ്ഥയിലും അറിവുകൾ തേടി പുതിയ പുസ്തകങ്ങൾ കണ്ടെത്തി വായിച്ചു. ഫൊട്ടോഗ്രഫിയോടും കമ്പമായിരുന്നു.
മുംബൈ-ഡൽഹി, കോട്ടയം-കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷൻ, മാർത്തോമ വൈദിക സെമിനാരി ഗവേണിങ് ബോർഡ് ചെയർമാൻ, സൺഡേ സ്‌കൂൾ സമാജം പ്രസിഡൻറ്, സുവിശേഷ പ്രസംഗസംഘം പ്രസിഡൻറ്, നാഷനൽ മിഷനറി സൊസൈറ്റി പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.