പത്തനംതിട്ട: നാലുകിലോ കഞ്ചാവ് പിടികൂടാൻ സഹായിക്കാമെന്ന് പറഞ്ഞ് എക്‌സൈസ് സംഘത്തെ റെയ്ഡിനിറക്കുകയും പ്രിവൻറിവ് ഓഫിസറുടെ സ്‌കൂട്ടർ മോഷ്ടിച്ചു കടക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ കുമരംകുന്ന് പുത്തൻപറമ്പിൽ വീട്ടിൽ അച്ചായി എന്ന ഷാജി തോമസിനെയാണ് മലയാലപ്പുഴ പൊലീസും എസ്.പിയുടെ ഷാഡോ പൊലീസും ചേർന്ന് വ്യാഴാഴ്ച രാത്രി മുണ്ടക്കയം ബസ്സ്റ്റാൻഡിൽനിന്ന് അറസ്റ്റ് ചെയ്തത്. സമാനരീതിയിൽ പൊലീസിനെയും എക്‌സൈസിനെയും നാട്ടുകാരെയും പലതവണ പറ്റിച്ചതിന് ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്. കഴിഞ്ഞ മാസം 24ന് രാവിലെ 11ടെയാണ് പത്തനംതിട്ട എക്‌സൈസ് റേഞ്ച് ഓഫിസിലെത്തി നാലുകിലോ കഞ്ചാവ് പിടികൂടാൻ സഹായിക്കാമെന്ന് ഇൻസ്പെക്ടർ പി. മോഹനനോട് പറഞ്ഞത്.
മേക്കോഴൂരുകാരനാണെന്നും മുഴുവൻ പേര് ഷാജഹാൻ എന്നാണെന്നും പരിചയപ്പെടുത്തിയ ഇയാൾ മണ്ണാറക്കുളഞ്ഞിക്കും വടശേരിക്കരക്കും ഇടക്ക് നരിക്കുഴി എന്ന സ്ഥലത്ത് കഞ്ചാവ് കൈമാറ്റം നടക്കുന്നുവെന്നും തനിക്കൊപ്പം വന്നാൽ നാലു കിലോ കഞ്ചാവ് പിടിച്ചുതരാമെന്നും അറിയിച്ചു. എക്സൈസ് സംഘം ഡിപ്പാർട്മെൻറ് വക കാറിലും പ്രിവൻറിവ് ഓഫിസർ അനിൽകുമാർ സ്വന്തം സ്‌കൂട്ടറിലുമായി കഞ്ചാവ് വേട്ടക്ക് ഇറങ്ങി. ഷാജിയാണ് സ്‌കൂട്ടർ ഓടിച്ചത്. നരിക്കുഴി ഭാഗത്തെത്തിയപ്പോൾ ഷാജി എക്സൈസ് സംഘത്തെ തടഞ്ഞു. താനും പ്രിവൻറിവ് ഓഫിസറും മാത്രം മതി ഇനി മുന്നോെട്ടന്ന് അറിയിച്ചു. പിന്നീടുള്ള യാത്രക്കിടെ അനിൽകുമാറിനെ വഴിയിലിറക്കി കഞ്ചാവ് സാമ്പിൾ വാങ്ങാൻ 1000 രൂപയും ഇദ്ദേഹത്തിൽനിന്ന് കൈപ്പറ്റി. തുടർന്ന് സ്‌കൂട്ടറുമായി കടക്കുകയായിരുന്നു. പ്രിവൻറിവ് ഓഫിസറുടെ പരാതിയിൽ മലയാലപ്പുഴ പൊലീസ് കേസെടുത്തു.
പിറ്റേന്ന് തന്നെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ എറണാകുളത്ത് കറങ്ങി നടക്കുകയായിരുന്നു. ടവർ ലൊക്കേഷൻ നോക്കി എത്തിയപ്പോഴേക്കും അവിടെനിന്ന് കടന്നു. പിന്നീടാണ് ഇയാൾ മുണ്ടക്കയത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി നോക്കുന്നുണ്ടെന്ന് വിവരം കിട്ടിയത്. വ്യാഴാഴ്ച രാത്രി പൊലീസ് സംഘം എത്തിയപ്പോൾ ബസ് സർവിസ് അവസാനിപ്പിച്ച ശേഷം വിശ്രമിക്കാൻ പോവുകയായിരുന്നു. പൊൻകുന്നത്തിന് സമീപം സുരക്ഷിതമായി ഒളിപ്പിച്ച സ്‌കൂട്ടർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്പി ആർ. ജോസിെൻറ നേതൃത്വത്തിൽ മലയാലപ്പുഴ എസ്.ഐ ബി. രമേശൻ, ഷാഡോ പൊലീസ് എസ്.ഐ ആർ.എസ്. രഞ്ജു, എ.എസ്.ഐമാരായ രാധാകൃഷ്ണൻ, വിത്സൻ, ഹരികുമാർ, സി.പി.ഒ സുജിത് എന്നിവരടങ്ങുന്ന സംഘമാണ് ഷാജിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.