കൺവെൻഷന് വേദിക്ക് മുന്നിൽ ഗണേഷ് കുമാറിന്റെ ഫ്ലക്സ്, അനിഷ്ടം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; 'എൽ.ഡി.എഫിന്റെ പൊതു അടയാളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ'

മലപ്പുറം: എൽ.ഡി.എഫ് കൺവെൻഷന് വേദിക്ക് മുന്നിൽ ഘടകക്ഷി നേതാവിന്റെ ചിത്രമുള്ള ഫ്ലക്സ് വെച്ചതിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൽ.ഡി.എഫിന്റെ പൊതുഅടയാളങ്ങൾ മാത്രമേ ഇത്തരം പരിപാടിക്ക് ഉപയോഗിക്കാവൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വേദിക്ക് മുന്നിൽ സ്ഥാനാർഥി എം.സ്വാരാജിന്റെ ചിത്രത്തിനൊപ്പം മന്ത്രി ഗണേഷ് കുമാറിന്റെ ഫോട്ടോ വെച്ച ഫ്ലക്സ് കേരള കോൺഗ്രസ് ബി സ്ഥാപിച്ചിരുന്നു. ഇതു ലക്ഷ്യംവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.

‘ഇതിനിടയ്ക്ക് ഞാനൊരു കാര്യം പറയാം. ഈ പരിപാടി എൽ.ഡി.എഫിന്റെ പരിപാടിയാണ്. എൽ.ഡി.എഫിന്റെ പരിപാടി ആകുമ്പോൾ എൽ.ഡി.എഫിന്റെ ഘടകക്ഷികൾ അവർ സാധാരണ ഉപയോഗിക്കുന്ന പതാകകൾ ഉണ്ടാകും, അത് സ്വാഭാവികം. അവരവരുേടതായ മറ്റ് പല അടയാളങ്ങളും ഉപയോഗിച്ചുവെന്ന് വരും. അത് ആ കക്ഷിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എൽ.ഡി.എഫിന്റെ പൊതുവായിട്ടുള്ളതല്ല. എൽ.ഡി.എഫിന്റെ പൊതുവായ അടയാളങ്ങൾ മാത്രമേ ഇതുപോലുള്ള പരിപാടികളിൽ ഉപയോഗിക്കാവൂ എന്നാണ് എനിക്ക് പൊതുവിൽ പറയാനുള്ളത്. ഒരു നല്ല കാര്യം കണ്ടതുകൊണ്ട് ഞാൻ പറഞ്ഞതാണ്. നല്ല കാര്യമാണെങ്കിലും വേറെ രീതിയിൽ വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് എൽ.ഡി.എഫിന്റെ പൊതു അടയാളങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നത്". മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശത്തെ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

കൂടാതെ, പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവും മുഖ്യമന്ത്രി നടത്തി. വാരിയൻ കുന്നത്തിനെ ചതിച്ച മണ്ണാണിതെന്നും അത്തരമൊരു ചതിക്ക് ഇടതുമുന്നണിയും ഇരയായെന്നും അൻവർ വഞ്ചിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണമെന്നും പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും വലിയ വഞ്ചന കാണിച്ചതിനാലാണ് ഇപ്പോൾ ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ മണ്ണിന് ഈ മണ്ണിന്‍റേതായ പ്രത്യേകതകളുണ്ട്. സഖാവ് കുഞ്ഞാലിയെ കേരളവും മലപ്പുറവും മറക്കില്ല. കുഞ്ഞാലിക്ക് മുമ്പും നിലമ്പൂരിന്‍റെ മണ്ണ് പ്രത്യേകതയുള്ളതാണ്. സ്വതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രദേശമാണിത്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയതും കൊണ്ടുപോയി കൊലപ്പെടുത്തിയതും. അദ്ദേഹത്തെ പിടികൂടാൻ ചതിപ്രയോഗമാണ് ഉപയോഗിച്ചത്. ഐതിഹാസികമായ പോരാട്ടത്തിന് നേതൃത്വം കൊടുത്തവരുടെ മണ്ണാണിത്. വാരിയൻ കുന്നത്തിനെ പിടികൂടാൻ ഉപകരണമായി പ്രവർത്തിച്ച് ചതി കാണിച്ചയാളുടെ മണ്ണുകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത് -അദ്ദേഹം പറഞ്ഞു.

അഭിമാനത്തോടെ ആരുടെ മുന്നിലും തലയുയർത്തി നിന്ന് വോട്ട് ചോദിക്കാൻ സ്വരാജിന് സാധിക്കുമെന്നും കറകളഞ്ഞ വ്യക്തിത്വം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു. നിലമ്പൂരിൽ ഞങ്ങൾ സഖാവ് സ്വരാജിനെ സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നു. പ്രിയങ്കരനായ സ്ഥാനാർഥിയാണ്, കൂടുതൽ വോട്ടോടെ അദ്ദേഹത്തെ വിജയിപ്പിച്ച് നിയമസഭയിലേക്ക് അയക്കുന്നതിലൂടെയാണ് അത് നിങ്ങൾ തെളിയിക്കേണ്ടത്. അദ്ദേഹത്തെ ഞങ്ങൾ അവിടെ കാത്തിരിക്കുന്നു, നിങ്ങളിവിടുന്ന് വിജയിപ്പിച്ച് അയക്കുക... -പിണറായി വിജയൻ പറഞ്ഞു.

Tags:    
News Summary - Ganesh Kumar's flex board in front of LDF convention; Chief Minister did not like it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.