ലഹരി ഉപയോഗിക്കുന്നവർ ഏതുസ്ഥാനത്തിരുന്നാലും അടിച്ചുപുറത്താക്കണം -ജി. സുധാകരൻ

ആലപ്പുഴ: ലഹരി ഉപയോഗിക്കുന്നവർ ഏത്​ സ്ഥാനത്തിരുന്നാലും അടിച്ചുപുറത്താക്കണമെന്ന്​ മുൻമന്ത്രി ജി. സുധാകരൻ. ആർ.എസ്​.പി (ലെഫ്​റ്റ്​) സംസ്ഥാന നേതൃസംഗമത്തിന്‍റെ ഭാഗമായി ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ​സെമിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുറത്താക്കാനുള്ള കെൽപും ധൈര്യവും ആ പ്രസ്ഥാനത്തിനുണ്ടാകണം. വോട്ടിനുവേണ്ടി വരുന്നവരെയെല്ലാം കൂടെക്കൂട്ടരുത്​. ലഹരി ഉപയോഗിക്കുന്നതിൽനിന്ന്​ ഇടതുപക്ഷം സമ്പൂർണമായി ശുദ്ധമാകണം -അദ്ദേഹം പറഞ്ഞു.

മതസ്ഥാപനങ്ങളും മതസംഘടനകളുമുണ്ടായിട്ടും മതവിശ്വാസികൾക്ക്​ നിഷേധിക്കപ്പെട്ട ഇത്തരം കാര്യങ്ങൾ നടക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ ചിന്തിക്കണം. ലഹരിക്കെതിരെ ശക്തമായ നിയമവും തടയാനുള്ള സംവിധാനവുമുണ്ട്​. ഇത്​ എന്തുകൊണ്ട്​ തടയുന്നില്ല. സ്കൂളുകളിൽ തടയാൻ പി.ടി.എ ഇ​ല്ലേ. സ്കൂളുകൾക്ക്​ മുന്നിൽ ലഹരിക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണം. ഇക്കാര്യത്തിൽ കുടുംബശ്രീയും ത​ദ്ദേശസ്ഥാപനങ്ങളും പഞ്ചായത്ത്​ അംഗങ്ങളും യുവജന-വിദ്യാർഥി സംഘടനകളും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ.കെ. ജയരാജ്​, സംസ്ഥാന സമിതി അംഗം പി.ടി. കണ്ണൻ, എം.കെ. മോഹനൻ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - drug users should be kicked out from whatever position they are in says G Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.