തിരുവനന്തപുരം: എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ച് കേരളം സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമാകുന്നു. ഇൗമാസം അവസാനത്തോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും കേരളം ഇതോടെ രാജ്യത്തിന് മാതൃകയാകുമെന്നും മന്ത്രി എം.എം. മണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 99.12 ശതമാനം വീടുകളില്‍ ഇതിനോടകം വൈദ്യുതി എത്തി. വയനാട്, ഇടുക്കി ജില്ലകളാണ് പിന്നിലുള്ളത്. വനവും മലനിരകളും കാരണം ആദിവാസി ഊരുകളിൽ വൈദ്യുതി എത്തിക്കാനുള്ള ജോലികള്‍ ശ്രമകരമായി. എങ്കിലും കെ.എസ്.ഇ.ബി അതിവേഗം പണി പൂർത്തിയാക്കിവരുകയാണ്. പദ്ധതിക്ക് മുന്നോടിയായി നടത്തിയ സർവേയില്‍ 1.35 ലക്ഷം വൈദ്യുതീകരിക്കാത്ത വീടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇതില്‍ 77,000ല്‍പരം വീടുകൾ വയറിങ് ജോലികള്‍പോലും നടത്താത്തവയായിരുന്നു. ഇത്തരം വീടുകളില്‍ വയറിങ് ഉള്‍പ്പെടെ നടത്തിയാണ് കണക്ഷന്‍ നല്‍കുന്നത്. മാര്‍ച്ച് 30 വരെ 1,33,409 ഗുണഭോക്താക്കളാണ് പദ്ധതിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1,25,000ലധികം അപേക്ഷകരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
വയറിങ്, വനംവകുപ്പിെൻറ അനുമതി എന്നിവയാണ് പദ്ധതിയില്‍ നേരിട്ട പ്രധാന വെല്ലുവിളി. വയറിങ് ജോലികള്‍ക്ക് വീടൊന്നിന് 5000 രൂപ വകുപ്പുതന്നെ ചെലവിട്ടു. കെട്ടിടനമ്പർ, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയൊന്നും വൈദ്യുതി കണക്ഷന് തടസ്സമായില്ല. ഇവ ഇല്ലാത്തവര്‍ക്ക് പഞ്ചായത്തില്‍നിന്ന് താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയും ഒരു രേഖയും ഇല്ലാത്തവര്‍ക്ക് ആധാര്‍കാര്‍ഡ് ഉപയോഗിച്ചും അപേക്ഷ നല്‍കാന്‍ സാധിച്ചു. 174 കോടിയാണ് മൊത്തം ചെലവ്. ഇതില്‍ 50 ശതമാനം കെ.എസ്.ഇ.ബിയാണ് വഹിക്കുന്നത്. എം.എൽ.എമാരുടെ വിഹിതമായി 37 കോടിയും തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് 8.3 കോടിയും പട്ടികവര്‍ഗവകുപ്പില്‍നിന്ന് 30.7 കോടിയും ധനസഹായം ലഭിച്ചിട്ടുണ്ട്.
ആദിവാസി മേഖലകളിലേക്കുള്ള വൈദ്യുതീകരണത്തിന് 75 ശതമാനം പട്ടികവര്‍ഗ വകുപ്പ് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, കേന്ദ്രസഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു മണ്ഡലത്തിന് ഒരുകോടിയാണ് ചെലവഴിച്ചത്. 124 മണ്ഡലം പൂര്‍ണമായി വൈദ്യുതീകരിച്ചു. ആലപ്പുഴ, തൃശൂർ ജില്ലകള്‍ സമ്പൂർണ വൈദ്യുതീകരണ ജില്ലകളായി. വൈദ്യുതിലൈന്‍ വലിക്കാന്‍ നിര്‍വാഹമില്ലാത്ത വനാന്തര പ്രദേശങ്ങളില്‍ സൗരോര്‍ജ പ്ലാൻറുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. അത്തരത്തില്‍ ആകെ 22 കോളനിയിലായി 2500ഓളം വീടുകളില്‍ വൈദ്യുതി എത്തിക്കുന്നുണ്ട്. ഭൂഗര്‍ഭകേബിളുകള്‍ വലിക്കുന്നതടക്കമുള്ള ബദല്‍മാര്‍ഗങ്ങളും സ്വീകരിച്ചുവരുെന്നന്നും മന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ കെ. ഇളങ്കോവൻ, വൈദ്യുതി വകുപ്പ് അഡീഷനല്‍ സെക്രട്ടറി പോള്‍ ആൻറണി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.