ഇന്ധന നികുതി: വിലക്കയറ്റത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രത്തിന്, സംസ്ഥാനങ്ങളെ പഴിച്ച് വിഷയം ലഘൂകരിക്കരുതെന്ന് പിണറായി

തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറച്ചില്ലെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സാഹചര്യം അറിയാവുന്ന ഒരു ഭരണാധികാരിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വിമർശനമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിലക്കയറ്റത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണ്. സംസ്ഥാനങ്ങളെ അകാരണമായി പഴിച്ച് വിഷയം ലഘൂകരിക്കാനാവില്ല. ക്രമാതീതമായ നികുതി വർധന ഒഴിവാക്കണമെന്നും വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

വാർത്താകുറിപ്പിന്‍റെ പൂർണരൂപം:

കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള വില്‍പന നികുതി കുറക്കുന്നില്ലെന്ന് പ്രധാനമന്ത്രി പരാമർശിച്ചതായി കണ്ടു. കോ ഓപറേറ്റീവ് ഫെഡറലിസത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള വില്‍പനനികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കട്ടെ.

2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉൽപന്നങ്ങളുടെ മേലുള്ള നികുതി വര്‍ധിപ്പിച്ചപ്പോള്‍ 4 തവണ നികുതിയിൽ കുറവു വരുത്തിയത്. കേന്ദ്രം വരുത്തുന്ന വര്‍ധന സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്ന അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2014ല്‍ പെട്രോളിന് മേലുള്ള ആകെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വര്‍ധിപ്പിക്കുകയും നിലവില്‍ 27.9 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയില്‍ നിന്നും 31.83 രൂപയായി വര്‍ധിപ്പിക്കുകയും നിലവില്‍ 21.8 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ട്.

സര്‍ചാര്‍ജ്ജുകളും സെസ്സുകളും കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 15 ശതമാനമായി ഉയർന്നിരിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം സര്‍ചാര്‍ജ്ജുകളും സെസ്സുകളും സംസ്ഥാനങ്ങളുമായി വിഭജിക്കപ്പെടേണ്ട നികുതികളുടെ ഗണത്തില്‍പ്പെടുന്നില്ല. ധനകാര്യ കമീഷന്‍ ശിപാര്‍ശ ചെയ്യുന്ന നികുതി വിഹിതത്തില്‍പ്പെടാത്ത രീതിയിലാണ് കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നത്.

ജി.എസ്.ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതില്‍ കാലവിളംബം നടത്തുന്നതുവഴി കോവിഡ് സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണ്. ഇത് കോ ഓപറേറ്റീവ് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമല്ല.

14 തവണ നികുതി വർധിപ്പിച്ച ശേഷം 4 തവണ കുറവ് വരുത്തുമ്പോള്‍ നികുതി വർധനവ് ഒരിക്കല്‍ പോലും വരുത്താത്ത കേരളം പോലുള്ള സംസ്ഥാനത്തെ അസാന്ദർഭികമായി വിമര്‍ശിക്കുന്നത് ഖേദകരമാണ്. സാമൂഹ്യക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക നിലയെക്കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഇതെന്നുകൂടി വ്യക്തമാക്കുന്നു.


പല കാരണങ്ങളാല്‍ രാജ്യത്തുണ്ടായിട്ടുള്ള വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനല്ല, മറിച്ച് ചില സംസ്ഥാനങ്ങള്‍ക്കാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഫെഡറല്‍ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം.

അതിന് ക്രമാതീതമായ നികുതി വർധന ഒഴിവാക്കിയേ തീരൂ. അതിനനുസൃതമായ നയങ്ങളിലൂടെ അടിക്കടിയുള്ള ഇന്ധന വർധന പിടിച്ചുനിര്‍ത്താനുള്ള നടപടികളാണ് രാജ്യതാൽപര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അഭ്യർഥിക്കുന്നു. സംസ്ഥാനത്തെ അകാരണമായി പഴിച്ച് ലഘൂകരിക്കാനാവുന്നതല്ല ഇന്ധന വിലവർധനയുടെ ഫലമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതം.

Tags:    
News Summary - Fuel tax: Pinarayi blames Center govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.