വിയ്യൂർ ജയിൽപടിയിലെ കെ.എസ്.ഇ.ബി ഇ.വി ചാർജിങ്
സ്റ്റേഷൻ
തൃശൂർ: കെ.എസ്.ഇ.ബി സംസ്ഥാനത്ത് ആറിടങ്ങളിലായി സജ്ജീകരിച്ച വാഹന വൈദ്യുതി ചാർജിങ് സ്റ്റേഷനുകളിലെ സൗജന്യ വൈദ്യുതി വിതരണം തുടരും. മാർച്ച് 31 വരെയായിരുന്നു സ്റ്റേഷനുകളിൽനിന്ന് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചിരുന്നത്. പണമിടപാടിന് ഓൺലൈൻ സ്വൈപ്പിങ് സംവിധാനം ആവശ്യമായിരുന്നു. ഇതിനുള്ള സേവനദാതാവിന് വേണ്ടി ടെൻഡർ വിളിച്ചെങ്കിലും ആരെയും ലഭിച്ചില്ല. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചാർജിങ് സ്റ്റേഷനുകളിൽനിന്നുള്ള സൗജന്യ വൈദ്യുതി വിതരണം തുടരാൻ തീരുമാനിച്ചത്. സൗജന്യ സേവനം അവസാനിപ്പിക്കുേമ്പാൾ യൂനിറ്റിന് എത്ര തുക ഈടാക്കണമെന്നതിലും ഇതുവരെ തീരുമാനമായിട്ടില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.
വൈദ്യുതി ചാർജിങ് സ്േറ്റഷനുകളിൽ വാഹനങ്ങളെത്തുന്നില്ലെന്നതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.
കഴിഞ്ഞവർഷമാണ് നേമം തൊട്ട് ഞെളിയൻപറമ്പുവരെ ആറ് കോർപറേഷൻ മേഖലകളിൽ 33 ഇ.വി ശേഷിയുള്ള ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ 1.6 കോടി ചെലവിൽ തുടങ്ങിയത്. ചെലവും മലിനീകരണവും കുറവാണെന്നതിനാൽ കൂടുതൽപേർ ഇത്തരം വാഹനങ്ങളിലേക്ക് മാറാൻ താൽപര്യപ്പെടുന്നുണ്ട്. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതിന് പുറമെ കെ.എസ്.ഇ.ബി, തദ്ദേശസ്ഥാപനങ്ങൾ, സ്വകാര്യസ്ഥലം എന്നിവ ഉപയോഗപ്പെടുത്തി 383 ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാൻ തത്ത്വത്തിൽ ധാരണയായിട്ടുണ്ട്. നാലുചക്ര വാഹനങ്ങൾക്ക് മാത്രമായിരുന്നു ചാർജിങ് സൗകര്യം.
എന്നാൽ, നിരത്തിൽ ഇലക്ട്രിക് കാറുകൾ അത്രയില്ലാത്തതിനാൽ പത്തോ പതിനഞ്ചോ വാഹനങ്ങൾക്ക് വൈദ്യുതി നൽകുന്ന പ്രവൃത്തിയിൽ ചാർജിങ് സ്റ്റേഷനുകൾ ഒതുങ്ങി. മോട്ടോർ വാഹന വകുപ്പ് എല്ലാ ജില്ലകളിലും വാങ്ങിയ ഇലക്ട്രിക് കാറുകളാണ് ഇതിെൻറ പ്രധാന ഗുണഭോക്താവായത്. സ്പീഡ് ചാർജിങ്ങിൽ പോലും ഒരുമണിക്കൂർ വേണം ബാറ്ററി നിറയാനെന്നതിനാൽ ഗുണഭോക്താക്കൾക്ക് ചാർജിങ് സ്റ്റേഷനിൽ കാത്തുകെട്ടി കിടക്കേണ്ടിവരുന്നുവെന്നതാണ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷന് തിരിച്ചടിയായത്. മാത്രമല്ല ഇപ്പോൾ വിപണിയിൽ ഇലക്ട്രിക് കാറുകൾക്ക് പത്തുലക്ഷത്തിലേറെ രൂപ വിലയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.