മുന്നാക്ക സംവരണം ചോദ്യംചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഹൈകോടതിയിൽ

എറണാകുളം: സംസ്ഥാനത്ത് വിവിധ മേഖലകളിൽ നടപ്പാക്കപ്പെട്ട മുന്നാക്ക സംവരണത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഹൈകോടതിയെ സമീപിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി പി.കെ. നുജൈം ആണ് ഹൈകോടതിയിൽ ഇതുസംബന്ധിച്ച് പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്.

സാമ്പത്തിക സംവരണത്തെ അംഗീകരിച്ചാൽ പോലും കേരളത്തിലെ ജനസംഖ്യപ്രകാരം 10 ശതമാനം മുന്നാക്ക സംവരണം കേരളത്തിൽ അനുവദിക്കുക എന്നത് തികച്ചും അനീതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നാക്ക സമുദായ ജനസംഖ്യ വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളം. കൂടാതെ യാതൊരു തരത്തിലുള്ള പഠനമോ വ്യക്തമായ കണക്കുകളോ ഇല്ലാതെയാണ് എല്ലാ മേഖലകളിലും ഒരുപോലെ 10 ശതമാനം മുന്നാക്ക സംവരണം നടപ്പിലാക്കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ നിലവിൽ അനുവദിക്കപ്പെട്ട 10 ശതമാനം സീറ്റുകൾ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് വിദ്യാഭ്യാസ മേഖലയിൽ ഉള്ളത്. ഇത് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള അവസരങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. സാമൂഹ്യ പിന്നാക്കാവസ്ഥയാണ് സംവരണത്തിനുള്ള മാനദണ്ഡമായി ഭരണഘടന സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച സുപ്രീംകോടതി വിധിയും നിലവിലുണ്ട്. അതേസമയം സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മുന്നാക്ക സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണ്.

ഇത് സംബന്ധിച്ച് ധാരാളം പരാതികളും മുന്നാക്ക സംവരണത്തിലെ അശാസ്ത്രീയതയും ഫ്രറ്റേണിറ്റി നിരവധി തവണ സർക്കാറിന് മുന്നിൽ ഉന്നയിച്ചിരുന്നെങ്കിലും അവ കണക്കിലെടുക്കാതെ കൂടുതൽ തലങ്ങളിലേക്ക് സാമ്പത്തിക സംവരണം വ്യാപിപ്പിക്കുകയാണ് ഉണ്ടായത്. തുടർന്നാണ് തികച്ചും ഭരണഘടനാവിരുദ്ധമായ മുന്നാക്ക സംവരണത്തെ ചോദ്യം ചെയ്തുകൊണ്ട് മൂവ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സംഘടന അറിയിച്ചു. കേസിൽ നാളെ ഹൈകോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കും.

Tags:    
News Summary - fraternity movement challenging ews reservation in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.