തൃശൂർ: നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ ആദ്യവര്‍ഷ ബാച്ചിനാണ് അടുത്ത അധ്യയനവർഷം തുടക്കം കുറിക്കുന്നതെന്നും നിലവിലെ ബിരുദ ബാച്ചുകള്‍ക്ക് മൂന്ന് വര്‍ഷ രീതിയില്‍തന്നെ കോഴ്‌സ് പൂര്‍ത്തിയാക്കാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. കരിക്കുലം പരിഷ്കരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഏകീകൃത അക്കാദമിക-പരീക്ഷ കലണ്ടര്‍ തയാറാക്കുന്ന കാര്യം പരിഗണനയിലുണ്ട്. നാലുവര്‍ഷ ബിരുദപദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയാറായി. ഇതുമായി ബന്ധപ്പെട്ട മാതൃക നിർദേശങ്ങള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തയാറാക്കി നല്‍കും. സര്‍വകലാശാലകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാന്‍ അവസരം നല്‍കും.
നാലുവര്‍ഷ ബിരുദ സംവിധാനം നിലവില്‍ വരുന്നതോടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങള്‍ കൊണ്ടുവരും. പുതിയ സംവിധാനത്തിലേക്ക് ബിരുദ കോഴ്‌സുകള്‍ പുനഃക്രമീകരിക്കപ്പെടുന്നതിലൂടെ അധ്യാപകര്‍ക്ക് ജോലി നഷ്ടമാവുന്ന സാഹചര്യമുണ്ടാവില്ല. പുതിയ സാഹചര്യത്തില്‍ കോഴ്‌സുകളുടെ തുല്യത സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഭരണഘടന മൂല്യങ്ങള്‍, സാമൂഹികനീതി, പരിസ്ഥിതി, ജെന്‍ഡര്‍ തുടങ്ങിയ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
പഠനസമയവുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് വരുത്താം. ക്ലാസ് മുറികളിലെ പഠനശേഷം ലാബുകളിലും മറ്റും സമയം ചെലവഴിക്കാന്‍ അവസരം വേണമെന്ന ആവശ്യം വിദ്യാര്‍ഥി സമൂഹത്തില്‍നിന്ന് ഉയരുന്നുണ്ട്. ഇതിന് അനുസൃതമായ നടപടി കോളജുകള്‍ക്ക് കൈക്കൊള്ളാം. ഓട്ടോണമസ് കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.