മു​ഹ​മ്മ​ദ് ശ​ഫീ​ഖ്, മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, ഹു​സൈ​ന്‍, ഷൗ​ക്ക​ത്ത​ലി

ഇരട്ടിത്തുക നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങള്‍ കൈപ്പറ്റിയ നാലുപേർ അറസ്റ്റിൽ

മഞ്ചേരി: വീട് നിര്‍മിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുന്‍കൂറായി പണം സ്വീകരിച്ച് മതിയായ രേഖകളില്ലാതെ ലക്ഷങ്ങള്‍ കൈവശംവെച്ച കേസില്‍ നാലുപേർ അറസ്റ്റിൽ. രാമപുരം സ്വദേശി പെരുമ്പള്ളി മുഹമ്മദ് ശഫീഖ് (31), താഴേക്കോട് കാരംകോടന്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (39), ആലിപ്പറമ്പ് തോണിക്കടവ് ഹുസൈന്‍ (31), അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ ഷൗക്കത്തലി (47) എന്നിവരാണ് പിടിയിലായത്. നിയമപ്രകാരമല്ലാത്ത നിക്ഷേപപദ്ധതി നിരോധന നിയമം -2019 പ്രകാരമാണ് കേസെടുത്തത്.

മഞ്ചേരി മുട്ടിപ്പാലത്ത് ഡിവൈന്‍ ഹാന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്ന സ്ഥാപനം ആരംഭിച്ചാണ് ഇവര്‍ പണം സ്വീകരിച്ചത്. പ്രതികളില്‍നിന്ന് 58.5 ലക്ഷം രൂപയും ആറ് മൊബൈല്‍ ഫോൺ, നോട്ടെണ്ണല്‍ യന്ത്രം, രസീത് ബുക്കുകള്‍, ഉടമ്പടി കരാര്‍ രേഖകള്‍ എന്നിവയും പിടിച്ചെടുത്തു.

രണ്ടാംപ്രതി മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്‍റെ കരിങ്കല്ലത്താണിയിലെ വീട്ടില്‍ സൂക്ഷിച്ച 30.70 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പണത്തിന്‍റെ സ്രോതസ്സ് വെളിപ്പെടുത്താന്‍ പ്രതികള്‍ക്ക് സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.'ഉസ്താദിന് ഒരു വീട്' എന്ന പദ്ധതി ആരംഭിച്ചാണ് പ്രതികൾ നിക്ഷേപം സ്വീകരിച്ചത്. ജില്ല സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫിസില്‍ മഞ്ചേരി സ്റ്റേഷന്‍ ഓഫിസര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

പൊലീസെത്തിയപ്പോള്‍ ഓഫിസിനകത്ത് അഞ്ചുപേര്‍ ചേര്‍ന്ന് നോട്ടെണ്ണൽ യന്ത്രം ഉപയോഗിച്ച് നോട്ടുകള്‍ എണ്ണുകയായിരുന്നു.പൊലീസിനെ കണ്ടതോടെ ഒരാള്‍ കടന്നുകളഞ്ഞു. ഇയാൾ ട്രസ്റ്റ് ചെയർമാനാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.മാധ്യമങ്ങള്‍ വഴിയും മറ്റും പരസ്യം ചെയ്ത് ആളുകളെ വരുത്തി സംഭാവനകൂപ്പണ്‍ നല്‍കിയാണ് പണം ശേഖരിച്ചത്.

രണ്ടുലക്ഷം രൂപ വരെ വാങ്ങി നാലുമാസത്തിനുശേഷം എട്ടു ലക്ഷത്തിന്‍റെ വീടുവെച്ച് നല്‍കാമെന്നും രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ നാലു മാസത്തിനു ശേഷം എട്ടു ലക്ഷം രൂപയായി വര്‍ധിപ്പിച്ച് നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തു. പണം നൽകിയ ചില ആളുകൾക്ക് വീടുവെച്ച് നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവർ വഴിയുള്ള പ്രചാരണത്തിലൂടെ ആകൃഷ്ടരായാണ് കൂടുൽ ആളുകൾ പണം നിക്ഷേപിക്കാൻ എത്തിയത്.

പൊലീസ് പരിശോധനക്കെത്തിയ സമയത്തും ചിലർ പണം നൽകാൻ എത്തിയിരുന്നു.മലപ്പുറം ഡിവൈ.എസ്.പി മുഹമ്മദ് ബഷീർ, മഞ്ചേരി സ്റ്റേഷൻ ഓഫിസർ റിയാസ് ചാക്കീരി, എസ്.ഐ ഖമറുസമാൻ, പ്രശാന്ത്, പി. ഹരിലാൽ, എൻ.എം. അബ്ദുല്ല ബാബു, സജീർ ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Four people arrested for money fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.