മഴ നാല്​ ദിവസം കൂടി; പ്രളയ സാധ്യതയില്ലെന്ന്​ ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പ്രളയ സാധ്യതയില്ലെന്ന്​ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാല്​ ദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ദുരന്ത നിവാരണ കമീഷണർ​ ഡോ. എ. കൗശികൻ പറഞ്ഞു.

ഏത്​ സാഹചര്യത്തെയും നേരിടാൻ സംസ്​ഥാനം തയാറാണ്​. പ്രശ്​നബാധിത മേഖലകളിൽനിന്ന്​ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. ജനങ്ങൾ ഇ​തിനോട്​ സഹകരിക്കണം.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ അതീവ ജാഗ്രത വേണം​. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍:

ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

മലവെള്ളപ്പാച്ചില്‍, ഉരുള്‍പ്പൊട്ടല്‍ എന്നിവ കണക്കിലെടുത്ത് മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.

മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം.

പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ മേഖലകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം.

കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറിത്താമസിക്കാന്‍ തയാറാകണം.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ ശ്രദ്ധിക്കണം.

Tags:    
News Summary - Four more days of rain; Disaster Management Authority syas no possible for floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.