പെരിന്തൽമണ്ണ പൂപ്പലം അൽജാമിഅ നോളജ് വേൾഡ് ലോ കോളജ് ശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പൂപ്പലത്ത് 50 ഏക്കറിൽ പ്രവർത്തനമാരംഭിച്ച അൽ ജാമിഅ നോളജ് വേൾഡ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ലോ കോളജിന്റെ കെട്ടിടശിലാസ്ഥാപനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വിദ്യാഭ്യാസരംഗത്ത് ഏഴു പതിറ്റാണ്ട് കാലത്തെ ശാന്തപുരം അൽ ജാമിഅയുടെ സേവനങ്ങൾ ശ്രദ്ധേയമാണെന്നും അവയുടെ തുടർച്ചയായ നോളജ് വേൾഡ് ഏറെ പ്രതീക്ഷയും ആവേശവും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ അൽ ജാമിഅ മുന്നോട്ടുവന്നത് ചരിത്രത്തിൽ ഈ സ്ഥാപനം നിർവഹിച്ച വൈജ്ഞാനിക ദൗത്യത്തിന്റെ കാലികമായ തുടർച്ചയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. സാമൂഹിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസൃതമായ വൈജ്ഞാനിക പ്രോജക്ടുകൾ രൂപപ്പെടുത്തുമ്പോഴേ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാവൂവെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
പുതിയ വിദ്യാഭ്യാസ സാഹചര്യങ്ങളും സന്ദർഭങ്ങളും പരിഗണിച്ച് നിയമ വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമായ ഇടപെടലുകൾ സാധ്യമാകണമെന്ന് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, നജീബ് കാന്തപുരം എം.എൽ.എക്ക് ഉപഹാരം സമർപ്പിച്ചു.
അൽ ജാമിഅ നോളജ് വേൾഡ് ചെയർമാൻ ഡോ. അബ്ദുസ്സലാം അഹ്മദ് പ്രോജക്ടിന്റെ ഭാവിപദ്ധതികൾ വിശദീകരിച്ചു.
ലോ, സയന്‍സ് ആൻഡ് ടെക്നോളജി, മീഡിയ സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ് സോഷ്യല്‍ സയന്‍സസ്, റിസർച് തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള പഠന-ഗവേഷണങ്ങള്‍ക്ക് സൗകര്യമുള്ളതും അന്താരാഷ്ട്ര നിലവാരമുള്ള വിശാലമായ കാമ്പസാണ് വിഭാവന ചെയ്തിട്ടുള്ളതെന്നും 2030ഓടെ പ്രോജക്ടിന്റെ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻജിനീയർ ശൈഖ് റാഷിദ്, സി.എച്ച്. അബ്ദുറഹീം (സാഫി ചെയർമാൻ) എന്നിർ സംസാരിച്ചു.
അൽ ജാമിഅ സുപ്രീം കൗൺസിൽ ചെയർമാൻ എം.ഐ. അബ്ദുൽ അസീസ്, ഐ.എം.ടി ചെയർമാൻ വി.കെ. അലി, നോളജ് വേൾഡ് അഡ്വൈസറി കൗൺസിൽ അംഗങ്ങളായ ഡോ. അഹ്മദ്, പ്രഫസർ ഇമ്പിച്ചിക്കോയ, അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുറബ്ബി നിസ്താർ, നോളജ് വേൾഡ് ലോ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിലാൽ തുടങ്ങിയവർ ചടങ്ങിൽ ഉപഹാരസമർപ്പണങ്ങൾ നിർവഹിച്ചു.
അൽ ജാമിഅ ഡെപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള സ്വാഗതവും നോളജ് വേൾഡ് സെക്രട്ടറി എ.ടി. ശറഫുദ്ദീൻ നന്ദിയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.