മുൻ മന്ത്രിയും സി.പി.എം നേതാവുമായ ടി. ശിവദാസമേനോൻ അന്തരിച്ചു

കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ സംസ്​ഥാന ധനമന്ത്രിയുമായിരുന്ന ടി. ശിവദാസമേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറത്തെ മകളുടെ വീട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തിച്ചത്. മൂന്നുതവണ നിയമസഭാംഗം ആയിട്ടുണ്ട്. മലമ്പുഴയിൽനിന്നാണ് മൂന്നുതവണയും വിജയിച്ചത്.

ജന്മനാടായ മണ്ണാർക്കാട്​ കെ.ടി.എം ഹൈസ്​കൂൾ അധ്യാപകനായും പിന്നീട്​ പ്രധാനാധ്യാപകനായും ഔദ്യോഗിക ജീവിതം തുടങ്ങിയ ശിവദാസ മേനോൻ അധ്യാപക സംഘടനാ പ്രവർത്തനത്തിലൂടെയാണ്​ സി.പി.എം രാഷ്​​ട്രീയത്തിലെത്തിയത്​. 1987ൽ മലമ്പുഴ മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി.

ശേഷം 1991ലും 1996ലും അതേ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ച്​ നിയമസഭാംഗമായി. 1987 മുതൽ 1991വരെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.1996 -2001 കാലഘട്ടത്തിൽ സംസ്​ഥാന ധനമന്ത്രിയായി അഞ്ച്​ തവണ തുടർച്ചയായി ബജറ്റവതരിപ്പിച്ചു. അതേ കാലയളവിൽ എക്സൈസ് വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. 1993 മുതൽ 1996 വരെ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മറ്റി ​െചയർമാനായിരുന്നു.

1958ൽ മലബാറിൽ രൂപീകൃതമായ പ്രൈവറ്റ്​ ഹൈസ്​കൂൾ ടീച്ചേഴ്​സ്​ യൂനിയൻ സ്​ഥാപകാംഗമായി. ഇടതുപക്ഷാഭിമുഖ്യമുള്ള അധ്യാപക സംഘടനയായ കേരള പ്രൈവറ്റ്​ ടീച്ചേഴ്​സ്​ ഫെഡറേഷൻ മലബാർ മേഖല പ്രസിഡൻറായിരുന്നു. സി.പി.എം പാലക്കാട്​ ജില്ലാ സെക്രട്ടറി, സി.പി.എം സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ അംഗം, എട്ടു വർഷത്തോളം കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി സിൻഡിക്കേറ്റ്​ അംഗം, കേരള സംസ്​ഥാന വിദ്യാഭ്യാസ ഉപദേശക ബോർഡ്​ അംഗം എന്നീ സ്​ഥാനങ്ങളും വഹിച്ചു.

വി.എസ്.​കെ പണിക്കരുടെ മകനായി 1932 ജൂൺ 14ന്​ പാലക്കാട്​ ജില്ലയിലെ മണ്ണാർക്കാടായിരുന്നു മേനോൻ ജനിച്ചത്​. ടി.കെ ഭവാനിയാണ്​ ഭാര്യ. രണ്ട്​ പെൺമക്കളുണ്ട്​.

സമ്പന്നകുടുംബത്തിൽ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ചു വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്. എന്നാൽ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോൻ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ കണ്ണിയാവുകയായിരുന്നു.

പാലക്കാട് വിക്ടോറിയ കോളജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളജിൽനിന്ന് ബി.എഡും നേടിയ ശേഷം മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂളിൽ 1955ൽ ഹെഡ് മാസ്റ്ററായി. 1977ൽ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ അധ്യാപക ജോലിയിൽനിന്ന് വളണ്ടറി റിട്ടയർമെന്റ് എടുത്ത് പിരിഞ്ഞു. അവിഭക്തകമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാർക്കാട്ടും പരിസരപ്രദേശങ്ങളിലും പാർടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാർടി നിയോഗിച്ചു. അധ്യാപക സംഘടനയായിരുന്ന പി.എസ്‌.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.ടി.എഫ് വൈസ് പ്രസിഡന്റ്, കെ.പി.ടി.യു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

അവിഭക്തകമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന ശിവദാസമേനോൻ പാർടി പിളർന്നതിനെ തുടർന്ന് സി.പി.ഐ എമ്മിൽ ഉറച്ചുനിന്നു. സി.പി.ഐ എം മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് പാർടി ജില്ലാ കമ്മിറ്റിയംഗമായും 1980ൽ ജില്ലാ സെക്രട്ടറിയുമായി. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു.

1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായാണ് അദ്ദേഹം തെരഞ്ഞെടുപ്പു രംഗത്തെത്തുന്നത്‌. വാശിയേറിയ മത്സരത്തിൽ ശിവദാസമേനോൻ വിജയിച്ചു. 1977ൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എ. സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1980ലും 84ലും ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. 1987ൽ മലമ്പുഴ അസംബ്ലിമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നായനാർ സർക്കാരിൽ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991ൽ വീണ്ടും മലമ്പുഴയിൽ ജനവിധി തേടിയപ്പോൾ ഭൂരിപക്ഷം വർധിച്ചു. 96 മുതൽ 2001വരെ ധനകാര്യ–എക്സൈസ് മന്ത്രിയായി. വള്ളുവനാടൻ -മാപ്പിള മലയാളവും സംസ്കൃതവും സംഗീതവും ഓക്സ്ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള നർമം തുളുമ്പുന്ന അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്.

പാർടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടർന്ന് മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടേക്ക് താമസംമാറ്റി. പാലക്കാട് തൊറപ്പാളയത്ത് ചെറിയ വീട് വാങ്ങി. ഈ വീടിന് നേരെ ആർഎസ്എസുകാർ ആക്രമണം നടത്തിയിട്ടുണ്ട്. മുത്തങ്ങാ സമരത്തിൽ ആദിവാസികൾക്കെതിരെയുള്ള സർക്കാർ നടപടിക്കെതിരെ പാലക്കാട് എസ്‌പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ചിൽ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മർദ്ദിച്ചു തല തല്ലിപ്പൊളിച്ചു.

കാൽമുട്ടുകൾക്കും ക്ഷതമേറ്റു. ശിവദാസമേനോനെ പൊതിഞ്ഞുകിടന്നാണ് സഖാക്കൾ മർദനത്തിൽ നിന്ന് രക്ഷിച്ചത്. അടിയേറ്റുവീണ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പൊലീസ് തയ്യാറായില്ല. കടല വിൽപ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് പാർടി പ്രവർത്തകർ അന്ന്‌ ആശുപത്രിയിലെത്തിച്ചത്. അങ്ങനെ ത്യാഗനിർഭരമായ നിരവധി പോരാട്ടങ്ങളുടെ ഓർമ്മകൾ ബാക്കിയാക്കിയാണ് അണികളുടെ പ്രിയങ്കരനായ സഖാവ് വിടവാങ്ങിയത്. 

Tags:    
News Summary - Former minister and CPM leader T. Sivadasa Menon passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.