വ്യാജരേഖ ചമച്ച് അവയവ കച്ചവടം: ഇ.ഡി അന്വേഷണം ഡോക്ടർമാരിലേക്ക്

കൊച്ചി: വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരിലേക്ക്.

അവയവ കച്ചവടത്തിൽ കള്ളപ്പണ ഇടപാട് നടന്നോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. സംസ്ഥാനത്തെ ആറ് പൊലീസ് സ്റ്റേഷനുകളിൽ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. അവയവ കച്ചവടത്തിനായി നിയമവിരുദ്ധ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ കമീഷൻ കൈപ്പറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റിനെ ചോദ്യം ചെയ്തു. ആശുപത്രി മാനേജിങ് ഡയറക്ടറെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇ.ഡി ജൂൺ 18ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രികളടക്കം ആറു കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്താൻ കേരളത്തിനകത്തും പുറത്തുമുള്ള വൻസംഘം പ്രവർത്തിച്ചതായും ഇവർക്ക് ചില സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സഹായം ലഭിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ ടൂറിസത്തിന്‍റെ മറവിൽ നടത്തിയ അവയവ കച്ചവടത്തിലെ മുഖ്യപ്രതി കാസർകോട് സ്വദേശി നജീബാണ്. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

നിർധനരെ കണ്ടെത്തി ചെറിയ തുകക്ക് അവയവ കച്ചവടം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്ക് അവയവം വൻ തുകക്ക് മറിച്ചു വിൽക്കുകയുമാണ് സംഘം ചെയ്തിരുന്നത്.

ഇതിനായി നജീബിന് ആശുപത്രികളിൽനിന്ന് കമീഷൻ ലഭിച്ചതായി ഇ.ഡി കണ്ടെത്തി. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് സൂചന.

Tags:    
News Summary - Organ trafficking through forged documents: ED probes doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.