കുട്ടികൾക്ക് നേരെയുള്ള സൈബർ അതിക്രമം തടയാൻ 'കൂട്ട്': ഉദ്ഘാടനം 26ന്

തിരുവനന്തപുരം: വർധിച്ച് വരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'കൂട്ട്' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജൂലൈ 26ന് രാവിലെ 9.30ന് കോട്ടൺഹിൽ സ്കൂളിലാണ് ഉദ്ഘാടനം. കേരള പൊലീസും ബച്പൻ ബച്ചാപൻ ആന്തോളൻ എന്ന സംഘടനയും സംയുക്തമായാണ് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ സൈബർ സുരക്ഷക്കായി 'കൂട്ട്' പദ്ധതി നടപ്പിലാക്കുന്നത്.

കോവിഡ് മഹാമാരിയെതുടർന്ന് ഫോണിന്‍റെ ഉപയോഗം കൂടിയതോടെ കുട്ടികൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ലക്ഷ്യം.

പദ്ധതിയുടെ രണ്ടാം ഘട്ടമായി, കേരളത്തിലെ പി ഹണ്ട് റെയ്ഡുകൾ കൂടിയ ജില്ലകളിൽ അസോസിയേഷൻ ഫോർ വോളന്റിയർ ആക്ഷൻ ജില്ലാ പോലീസുമായി സഹകരിച്ച് കൗൺസിലിങ് സെന്ററുകൾ സ്ഥാപിക്കും. കുറ്റകൃത്യങ്ങൾക്ക‌ിരയായ കുട്ടികളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരിക, കുട്ടികൾക്കാവശ്യമായ നിയമസഹായം നൽകി കുറ്റകൃത്യങ്ങൾക്കെതിരായി ശക്തമായി പോരാടാൻ അവരെ പൂർണ്ണമായി സജ്ജമാക്കുക എന്നതാണ് ഈ ഘട്ടം ലക്ഷ്യമിടുന്നത്.

മെറ്റ ( ഫേസ്ബുക്ക്), ചൈൽഡ് ലൈൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ബ്ലൂ ചിപ്പ് ( കുട്ടികൾക്ക് കൗൺസിലിങ് നൽകുന്ന സംഘടന ), മാക് ലാബ്സ് ( സൈബർ അവയർനസ് നൽകുന്ന സംഘടന), ഇൻകർറോബോട്ടിക്സ്, ബോധിനി, ഇന്ത്യ ഫ്യൂച്ചർ ഫൗണ്ടേഷൻ, സൈബർ സുരക്ഷ ഫൗണ്ടേഷൻ ( എൻ.ജി.ഒ) എന്നിവരുടെ സഹകരണത്തോടെയാണ് 'കൂട്ട്' പദ്ധതി നടപ്പാക്കുന്നത്.

Tags:    
News Summary - For protection of children from cyber attack 'kootu' comes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.