ഭക്ഷ്യ സുരക്ഷാ വിജിലന്‍സ് പരിശോധന: വ്യാപക ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിജിലന്‍സ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ ലാബുകളിൽ നിന്നും “നിലവാരമില്ലാത്തത്”,തെറ്റായ ബ്രാൻഡ്” എന്നിങ്ങനെ പരിശോധനാഫലം വരുന്ന ആഹാരസാധനങ്ങളുടെ ഉടമകളിൽ നിന്നും പിഴ ഒടുക്കുന്നതിനും, അതോടൊപ്പം കമ്പോളത്തിൽ നിന്നും ഈ ആഹാരസാധനങ്ങൾ പിൻവലിക്കേണ്ടതാണെന്നും ഭക്ഷ്യസുരക്ഷാ നിയമം പറയുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ ഇത് പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

ഫീൽഡ് തലപരിശോധനയിൽ എടുക്കുന്ന സാമ്പിളുകളിൽ “ഗുണനിലവാരമില്ലാത്തത്”, “തെറ്റായബ്രാന്‍ഡ്‌”എന്നിങ്ങനെ ഫലം ലഭിക്കുന്ന ആഹാരസാധനങ്ങൾ തുടർനടപടികൾ സ്വീകരിക്കാതെ ചില ഉദ്യോഗസ്ഥർ അഴിമതി നടത്തി പരിശോധനാഫലം നൽകുന്നത് വൈകിപ്പിക്കുന്നു. ഈ കാലയളവുകളിൽ ഈ നിലവാരമില്ലാത്ത ആഹാരസാധനങ്ങള്‍ വിറ്റ് തീർക്കുന്നതിന് സാഹചര്യം ഒരുക്കുവെന്നും കണ്ടെത്തി.


 


തിരുവനന്തപുരം അസിസ്റ്റന്റ്‌ ഫുഡ്‌ സേഫ്റ്റി കമീഷണറുടെ ഓഫീസില്‍ 53 ഫയലുകള്‍ രജിസ്റ്ററുകളില്‍ രേഖപ്പെടുത്താ,തെ മറ്റ് നടപടികള്‍ ആരംഭിക്കാതെ പൂഴ്ത്തി വെച്ചു. സംസ്ഥാനത്ത് വിറ്റഴിക്കുന്ന ആഹാരസാധനങ്ങളുടെ സാമ്പിളുകള്‍ വ്യാപകമായി ശേഖരിക്കുന്നുണ്ടെങ്കിലും അതിന്മേൽ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും തുടർന്ന് നടപടികൾ സ്വീകരിച്ചിട്ടില്ല.

സുരക്ഷിതമല്ലായെന്നു ലാബ് പരിശോധനാ ഫലം ലഭിച്ച എറണാകുളം പള്ളുരുത്തി ഭക്ഷ്യ സുരക്ഷാ ഓഫീസിലെ 11 ഉം പത്തനംതിട്ട ഭക്ഷ്യ സുരക്ഷാ ഓഫീസിലെ 10 ഉം കരുനാഗപ്പള്ളി ഭക്ഷ്യ സുരക്ഷാ ഓഫീസിലെ രണ്ടും, ചടയമംഗലം ഭക്ഷ്യ സുരക്ഷാ ഓഫീസിലെ രണ്ടും, കോഴിക്കോട് ബേപ്പൂരിലെ ഭക്ഷ്യ സുരക്ഷാ ഓഫീസിലെ 17 ഉം, പാലക്കാട്‌ ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലെ 38 ഉം, കോട്ടയം ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലെ എട്ടും, ആലപ്പുഴ ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലെ ഏഴും, മലപ്പുറം ജില്ലയിലെ ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലെ ആറും ഭക്ഷ്യ ഉത്പാദകര്‍, വിതരണക്കാര്‍, ഇറക്കുമതി ചെയ്യുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.


 


"നിലവാരമില്ലാത്തത് -തെറ്റായ ബ്രാന്‍ഡ്‌" എന്ന പരിശോധനാ ഫലം ലഭിച്ച പത്തനംതിട്ടയിലെ 128 സാമ്പിളുകളില്‍ നാളിതുവരെയും ഫൈന്‍ ഈടാക്കിയിട്ടില്ല. കോട്ടയത്തെ അസിസ്റ്റന്റ്‌ ഫുഡ്‌ സേഫ്റ്റി ഓഫീസില്‍ 2016-2020 വരെയുള്ള കാലയളവില്‍ നിലവാരമില്ലാത്തത് എന്ന് പരിശോധനയില്‍ തെളിഞ്ഞ 46 സാമ്പിളുകളിലും നാളിതുവരെ യാതൊരു തുടര്‍ നടപടികളും സ്വീകരിച്ചിട്ടില്ല. കടുത്തുരുത്തി ഫുഡ്‌ സേഫ്ടി ഓഫീസിൽ 2022-2023 കാലത്ത് ശേഖരിച്ച 223 സാമ്പിളുകളില്‍ 111 എണ്ണം നിലവാരമില്ലതതെന്നു ഫലം ലഭിച്ചിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

കാസര്‍ഗോഡ്‌ ജില്ലയില്‍ 14 ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം നല്‍കുന്നതിനു പകരം മൂന്ന് മാസമായിട്ടും ലാബുകളില്‍ നിന്നും പരിശോധനാ ഫലം നല്കിയിട്ടില്ല. കൊല്ലത്ത് 200 ഓളം സാമ്പിളുകളുടെ ഫലം ലാബുകളില്‍ നിന്നും ലഭ്യമായിട്ടില്ല. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കരുനാഗപ്പള്ളി ഫുഡ്‌ സേഫ്റ്റി ഓഫീസില്‍ പരിശോധനക്ക് അയച്ച 80 സാമ്പിളുകളില്‍ 58 എണ്ണത്തിനും നാളിതുവരെ പരിശോധനാ ഫലം ലഭ്യമായിട്ടില്ലയെന്നും വിജിലന്‍സ് കണ്ടെത്തി.

പത്തനംതിട്ട ആറന്‍മുള ഫുഡ് സേഫ്റ്റി ഒഫിസറുടെ കീഴിൽ 115 സാമ്പിളുകള്‍ 2021 -22 കാലഘട്ടത്തിൽ പരിശോധനക്കായി ലാബിൽ അയച്ചുവെങ്കിലും നാളിതുവരെയും പരിശോധന ഫലം ലഭിച്ചിട്ടില്ല. കോട്ടയത്തെ വടവത്തൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസില്‍ 2022 ഓഗസ്റ്റ്‌ മാസം മുതല്‍ പരിശോധനക്ക് അയച്ച 29 സാമ്പിളുകളുടെ റിപ്പോര്‍ട്ട്‌ ഇതുവരെ ലഭിച്ചിട്ടില്ല.

സാമ്പിൾ എടുക്കുന്ന വേളയിൽ വീഡിയോയിൽ പകർത്തണമെന്ന ഫുഡ് സേഫ്റ്റി കമീഷണറുടെ നിര്‍ദ്ദേശം ആരും പാലിച്ചിട്ടില്ല. ഭക്ഷ്യവിതരണത്തിനായി സംസ്ഥാനത്ത് ലൈസൻസ് എടുത്തിട്ടുള്ള ഉത്പാദകർ, ഇറക്കുമതിക്കാർ, വിതരണക്കാർ എല്ലാവർഷവും മാർച്ച് 31 നകം വിറ്റുപോയ അളവ് അതാതു ഭക്ഷ്യസുരക്ഷ ഓഫീസർമാർ മുമ്പാകെ സമർപ്പിക്കണമെന്നും, അപ്രകാരം റിട്ടേൺസ് ഫയൽ ചെയ്തില്ലായെങ്കിൽ ദിനംപ്രതി 100 രൂപ വീതം ഫൈന്‍ ഈടാക്കണമെന്നും നിയമം നിലവിലുണ്ട്. എന്നാൽ ഇവരിൽ കുറച്ചുപേര്‍ മാത്രമേ റിട്ടേൺ ഫയൽ ചെയ്തിട്ടുള്ളൂ . മറ്റുള്ളവർ ഉദ്യോഗസ്ഥരെ സ്വധീനിച്ചു തുടർ നടപടികളിൽ നിന്നും ഒഴിവാകുന്നു. ഇത് അഴിമതിയാണെന്നും വിജിലൻസ് കണ്ടെത്തി.

തിരുവനന്തപുരം ജില്ലയിൽ റിട്ടേൺ ഫയൽ ചെയ്യാതെ തുടര്‍ നടപടികളില്‍ നിന്നും ഒഴിവായ 15 ഉം കൊല്ലം ജില്ലയില്‍ 143 ഉം ലൈസന്‍സികളുണ്ടെന്ന് കണ്ടെത്തി. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് കൈമാറുമെന്ന് മനോജ് എബ്രഹാം അറിയിച്ചു. 

Tags:    
News Summary - Food Safety Vigilance Inspection: Widespread Irregularity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.