നെടുങ്കണ്ടത്തെ ഭക്ഷ്യവിഷബാധ: ഹോട്ടലിൽ പഴകിയ ഇറച്ചി കണ്ടെത്തി

നെടുങ്കണ്ടം: ഏഴ് വയസ്സുള്ള കുട്ടിയും വയോധികയുമടക്കം കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഇറച്ചി കണ്ടെത്തി. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇനിയൊരു ഉത്തരവിന് ശേഷമേ ഹോട്ടൽ തുറക്കാവൂ എന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.

നെടുങ്കണ്ടത്ത് ഭക്ഷ്യവിഷബാധക്ക് കാരണമായ ഷവർമ കഴിച്ച ക്യാമൽ റസ്റ്റോ ഹോട്ടലിലാണ് പീരുമേട്, ഇടുക്കി എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ പഴകിയ ഇറച്ചി നശിപ്പിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി.

ജല പരിശോധന സർട്ടിഫിക്കറ്റോ ഷവർമ കടകൾക്ക് വേണ്ട ഭക്ഷ്യസുരക്ഷ ലൈസൻസോ ഹോട്ടലിന് ഉണ്ടായിരുന്നില്ല. ഹോട്ടലിൽ ആകെയുള്ള എട്ട് ജീവനക്കാരിൽ ആറു പേരുടെയും ഹെൽത്ത് കാർഡ് പുതുക്കിയിരുന്നില്ല. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യസുരക്ഷ കമീഷണറുടെ നിർദേശപ്രകാരം മാത്രമേ ഇനി ഹോട്ടൽ തുറക്കാൻ അനുവദിക്കൂ.

ഈ ഹോട്ടലിൽനിന്ന് ഷവർമ കഴിച്ച ബിബിൻ, മാതാവ് ലിസി, ഏഴ് വയസ്സുള്ള മാത്യു എന്നിവരെയാണ് വയറിളക്കം, ഛർദി, കടുത്ത പനി എന്നിവയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ ശനിയാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്‌ച ലിസിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

Tags:    
News Summary - Food poisoning in nedumkandam: Stale meat found in hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.