ഭക്ഷ്യവിഹിതം: ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കേരളത്തിന് നല്‍കികൊണ്ടിരുന്ന രണ്ട് ലക്ഷം ടണ്‍ ഭക്ഷ്യധാന്യത്തിന്‍റെ അഡീഷണല്‍ അലോട്ട്മെന്‍റ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിവെച്ചത് എത്രയും വേഗം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍  ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമായിരുന്നു 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ ആക്ട്. ഇതിന്‍റെ ഗുണം രാജ്യത്തെ കേരളമൊഴിച്ചുള്ള 28 സംസ്ഥാനങ്ങള്‍ക്കും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ലഭിച്ചിരുന്നു. എന്നാല്‍, കേരളത്തെ മാത്രമാണ് ഈ നിയമം ദോഷകരമായി ബാധിച്ചത്. 

പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് കേരളത്തിന്‍റെ അഭ്യർഥന മാനിച്ച് സംസ്ഥാനത്തിന് അധിക ഭക്ഷ്യധാന്യം നല്‍കാന്‍ തയ്യാറായി. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാര്‍ ഇപ്പോള്‍ അഡീഷണല്‍ വിഹിതം വെട്ടിച്ചുരുക്കി. സ്റ്റാറ്റൂട്ടറി റേഷനിങ് സംവിധാനം ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ നാണ്യവിളകളെ പ്രോത്സാഹിപ്പിച്ചതിന്‍റെ ഫലമായി വിദേശനാണ്യം ഗണ്യമായി നേടുന്നതിനും ഒരു ലക്ഷം കോടി രൂപ വിദേശ നാണ്യമായി കേരളത്തിലെത്തുന്നതും കേന്ദ്രം കണക്കിലെടുക്കണം. ഭക്ഷ്യധാന്യം ഉത്പാദനം കുറഞ്ഞത് കണക്കിലെടുത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കുറവ് നികത്തിതാരാനുള്ള ധാര്‍മിക ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. 

ഭക്ഷ്യധാന്യം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിന്‍റെ നടപടി റേഷനിങ് സംവിധാനത്തെ ആശ്രയിക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ ജനവിഭാഗങ്ങളേയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടി. സബ്‌സിഡി നിരക്കിലുണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളുടെ വില അടിക്കടി ഉയര്‍ത്തുക വഴി കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാകണം. അധിക ഭക്ഷ്യധാന്യങ്ങളുടെ നീക്കിയിരുപ്പില്‍ നിന്നും വിവേചനരഹിതമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ വിഹിതം നല്‍കാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പ്രധനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Food Allotment: Oommen Chandy Send Letter to Prime Minister -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.