കൊച്ചി: ഹൈകോടതി പൊളിച്ചുപണിയാൻ ഉത്തരവിട്ട വൈറ്റിലയിലെ ചന്ദേർകുഞ്ച് ഫ്ലാറ്റ് സമുച്ചയം അനധികൃതമായാണ് നിർമിച്ചതെന്നും വിപണിയിലുള്ളതിനെക്കാൾ അമിത വിലയിലാണ് ഇവ വാങ്ങിയതെന്നും ഫ്ലാറ്റ് ഉടമകൾ.
രണ്ട് കിടപ്പുമുറിയും ഒരു പഠനമുറിയും അടങ്ങുന്ന ഫ്ലാറ്റിന് ഏകദേശം 75 ലക്ഷം രൂപയാണ് മുടക്കിയത്. ആർമിയോടുള്ള വിശ്വാസത്തിലാണ് കൂടുതൽ വില നൽകിയതെന്നും ചന്ദേർകുഞ്ച് വെൽഫെയർ മെയ്ൻറനൻസ് സൊസൈറ്റി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹരജിയുടെ ഭാഗമായാണ് ഹൈകോടതി ഉത്തരവിറക്കിയത്. 2016ൽ ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു വാഗ്ദാനമെങ്കിലും 2018ലാണ് നൽകിയത്. രേഖകളിൽ കെട്ടിടമിരിക്കുന്ന ഭൂമി ഇപ്പോഴും നിലമാണ്, പുരയിടമാക്കിയിട്ടില്ല. തീരദേശ പരിപാലന അനുമതി ഇതിനെടുത്തിട്ടില്ല.
2018ൽ നിർമാണം പൂർത്തിയാക്കി താമസം ആരംഭിച്ച സമുച്ചയത്തിൽ മൂന്ന് ടവറിലായി 264 അപ്പാർട്മെന്‍റുകളാണുള്ളത്. എന്നാൽ, താമസം തുടങ്ങി ആദ്യ നാളിൽതന്നെ ബി, സി ടവറുകളിൽ വിള്ളലുകൾ കണ്ടുതുടങ്ങി. കോൺക്രീറ്റ് പൊളിഞ്ഞുവരാനും ആരംഭിച്ചു. അപ്പോൾതന്നെ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഫ്ലാറ്റ് ഉടമകൾ ആരോപിച്ചു. ഇതിനുശേഷമാണ് നിർമാണത്തിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയതും ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചതും.
കോടതി ഉത്തരവിട്ട പ്രകാരമുള്ള നഷ്ടപരിഹാരം നിലവിൽ താമസമുള്ള 40ഓളം ഉടമകൾക്ക് മാത്രമാണ് ലഭിക്കുകയെന്നും ബാക്കി വരുന്ന 150ഓളം ഉടമകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നും സൊസൈറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഹൈകോടതി ഉത്തരവിൽ പൂർണ സംതൃപ്തരല്ലെന്നും കൂടുതൽ നിയമനടപടികളിലേക്ക് കടക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ചന്ദേർകുഞ്ച് വെൽഫെയർ മെയ്ൻറനൻസ് സൊസൈറ്റി ജോയൻറ് സെക്രട്ടറി സജി തോമസ്, അംഗങ്ങളും താമസക്കാരുമായ വി.വി. കൃഷ്ണൻ, ജോർജ്, സ്മിത റാണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.