representational image
തിരുവനന്തപുരം: പുനരുപയോഗ ഊർജ ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിയമ പോരാട്ടത്തിലെത്തിയതിനിടെ ഫിക്സഡ് ചാർജ് വിഷയത്തിൽ സൗരോർജ ഉൽപാദകരുടെ ആവശ്യം തള്ളി വൈദ്യുതി റെഗുലേറ്ററി കമീഷൻ.
പുരപ്പുറ സോളാർ പ്ലാൻറുകളിൽനിന്ന് ഉൽപാദിപ്പിച്ച് വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതി കൂടി കണക്കാക്കി ഫിക്സഡ് ചാർജ് ഈടാക്കുന്ന കെ.എസ്.ഇ.ബി നടപടി അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സൗരോർജ ഉൽപാദകർ കമീഷനെ സമീപിച്ചത്. കെ.എസ്.ഇ.ബിയുടെ വാദങ്ങൾ അംഗീകരിച്ച കമീഷൻ, സൗരോർജ ഉൽപാദകരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി.
വിതരണ കമ്പനിയുടെ സ്ഥിരം ചെലവുകളിൽ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കാണ് ഫിക്സഡ് ചാർജ്. ഇത് നേരത്തെ കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽനിന്ന് സ്വീകരിക്കുന്ന വൈദ്യുതിക്ക് (ഇംപോർട്ട്) മാത്രം വാങ്ങിയിരുന്നതാണ്. 2022 നവംബർ-ഡിസംബർ മുതൽ സോളാർ പ്ലാൻറിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്നതും ഗ്രിഡിൽനിന്ന് ഉപയോഗിക്കുന്നതുമായ മൊത്തം വൈദ്യുതിയും കണക്കാക്കി ‘ആകെ പ്രതിമാസ ഉപഭോഗം’ എന്ന കണക്കിൽ ഫിക്സഡ് ചാർജ് ഈടാക്കിത്തുടങ്ങി.
വീടുകളിൽ പണം മുടക്കി സജ്ജമാക്കുന്ന സോളാർ പ്ലാൻറിൽ ഉൽപാദിപ്പിച്ച് ഉപയോഗിക്കുന്ന വൈദ്യുതിയുടെ പേരിൽ കെ.എസ്.ഇ.ബിക്ക് അധിക ചെലവ് ഒന്നുമില്ലെന്നിരിക്കെ ഈ വൈദ്യുതി കൂടി കണക്കാക്കി ഫിക്സഡ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഉൽപാദകരുടെ വാദം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഉൽപാദകർ ഹൈകോടതിയെ സമീപിച്ചിരുന്നു. റെഗുലേറ്ററി കമീഷനെ സമീപിക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുരപ്പുറ സോളാർ ഉടമകളുടെ കൂട്ടായ്മയായ കെ.ഡി.എസ്.പി.സി പരാതി നൽകിയത്.
എന്നാൽ, സൗരോർജ ഉൽപാദകരും കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖല ഉപയോഗിക്കുന്നു എന്നതടക്കം വിവിധ ഘടകങ്ങൾ ചൂണ്ടിക്കാട്ടിയ കമീഷൻ, ‘ആകെ പ്രതിമാസ ഉപയോഗം’ എന്ന കണക്കിൽ ഫിക്സഡ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഫിക്സഡ് ചാർജ് നൽകാൻ രണ്ട് രീതികൾ സ്വീകരിക്കാമെന്ന നിർദേശവും കമീഷൻ മുന്നോട്ടുവെച്ചു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിൽ തങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിയേക്കാൾ അധിക തുക കെ.എസ്.ഇ.ബി കൈവശം വെക്കുന്നു എന്ന പരാതിയും കമീഷന് മുന്നിൽ സൗരോർജ ഉൽപാദകർ ഉന്നയിച്ചിരുന്നു. ഇത് പരിശോധിച്ച കമീഷൻ, അധികതുക ഉണ്ടെങ്കിൽ പരിശോധിച്ച് ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.