ഫയർ എൻ.ഒ.സിക്ക് കൈക്കൂലി; അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സസ്​പെൻഷൻ

പാലക്കാട്: ഫയര്‍ എൻ.ഒ.സി നല്‍കാന്‍ കെട്ടിട ഉടമയില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അഗ്നിരക്ഷാസേന പാലക്കാട് സ്റ്റേഷന്‍ ഓഫിസര്‍ക്ക് സസ്​പെൻഷൻ. ആര്‍. ഹിദേഷിനെയാണ് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടുപ്രകാരം അഗ്നിരക്ഷാസേന ഡയറക്ടര്‍ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. പാലക്കാട് ജി.ബി റോഡിലെ കല്യാണ്‍ ടൂറിസ്റ്റ് ഹോമിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ നിരാക്ഷേപപത്രം ലഭിക്കാൻ മാനേജിങ് പാര്‍ട്ണര്‍ സമീപിച്ചപ്പോഴാണ് ഹിദേഷ് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റാറന്റ് അപ്രൂവല്‍ ആന്‍ഡ് ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയില്‍നിന്ന് കല്യാണ്‍ ടൂറിസ്റ്റ് ഹോമിന് ലഭിച്ച ത്രീസ്റ്റാര്‍ കാറ്റഗറി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചിരുന്നു.

ഇത് പുതുക്കിക്കിട്ടുന്നതുമായി ബന്ധപ്പെട്ടാണ് മേയ് 26ന് എൻ.ഒ.സിക്കായി ജില്ല ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫിസറായ ഹിദേഷിനെ സമീപിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടതോടെ ജൂണ്‍ അഞ്ചിന് വീണ്ടും സമീപിച്ചപ്പോള്‍ 75,000 രൂപയെങ്കിലും നല്‍കണമെന്ന് ഹിദേഷ് ആവശ്യപ്പെട്ടു. ജൂണ്‍ ഒമ്പതിന് ആരുടെയെങ്കിലും കൈവശം കൊടുത്തുവിട്ടാല്‍ ഉടന്‍ എൻ.ഒ.സി നല്‍കാമെന്നും പറഞ്ഞു.

ഇതോടെ ഹോട്ടല്‍ ഉടമ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് ഡിവൈ.എസ്.പി എന്‍. ഷംസുദ്ദീനാണ് കേസന്വേഷിച്ചത്. അഗ്നിരക്ഷാസേന ഇന്റേണല്‍ വിജിലന്‍സ് ആന്‍ഡ് ഇന്റലിജന്‍സിന്റെ ജില്ല ചുമതലക്കാരനുമാണ് ഹിദേഷ്.

Tags:    
News Summary - Fireofficer suspended for bribery for NOC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.