ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോയ 83കാരിയെ അഗ്നിശമനസേന രക്ഷപ്പെടുത്തുന്നു
തിരുവല്ല : തിരുവല്ലയിലെ കുരിശു കവലയിൽ ശാരീരിക അവശതകളെ തുടർന്ന് ഫ്ലാറ്റിനുള്ളിൽ കുടുങ്ങിപ്പോയ 83കാരിക്ക് രക്ഷകരായി അഗ്നിശമനസേന. കുരിശുകവല സി.വി.പി ടവറിലെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന വെട്ടുവേലിൽ എം.എം സദനത്തിൽ ഏലിയാമ്മയെയാണ് തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ രക്ഷപ്പെടുത്തിയത്.
രാവിലെ മുതൽ ഏലിയാമ്മയെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് സമീപത്തെ ഫ്ലാറ്റ് ഉടമ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തി മുൻവശത്തെ വാതിലിന്റെ താഴ് തകർത്ത് അകത്ത് കയറുകയായിരുന്നു.
അവശനിലയിൽ സ്വീകരണ മുറിയിലെ നിലത്ത് കിടന്നിരുന്ന എലിയാമ്മയെ ആംബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദേശത്ത് നഴ്സ് ആയിരുന്ന ഏലിയാമ്മ ഭർത്താവിൻറെ മരണശേഷം ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. ഇവരുടെ രണ്ട് പെൺമക്കളിൽ ഒരാൾ കുടുംബത്തോടൊപ്പം ഡൽഹിയിലും മറ്റൊരാൾ ബാംഗ്ലൂരിലും ആണ്.
ഫയർ സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ സതീകുമാർ, ഫയർ ഓഫീസർമാരായ എൻ.ആർ ശശി കുമാർ, ശിവകുമാർ, സൂരജ് മുരളി, മുകേഷ്, രാംലാൽ, കെ.പി ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷപ്രവർത്തനം. ഏലിയമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.