പയ്യോളി: അയനിക്കാട് കൊളാവിപ്പാലത്ത് പ്രവർത്തിക്കുന്ന റോളക്സ് അൽഫ ഒായിൽ മില്ലിൽ വൻ അഗ്നിബാധ. ഗോഡൗണും ചരക്കുലോറിയും കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. അരക്കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഞായറാഴ്ച പുലർച്ചെ സമീപത്തെ താമസക്കാരാണ് മില്ലിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. നിമിഷങ്ങൾക്കകം തീ പടർന്ന് ആളിക്കത്തുകയായിരുന്നു. വിവരമറിഞ്ഞ് വടകരയിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റ് എത്തി വെള്ളം പമ്പ് ചെയ്തെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. തുടർന്ന് ജില്ലയിലെ ഒമ്പത് ഫയർഫോഴ്സ് യൂനിറ്റുകളിൽനിന്നായി 16 വാഹനങ്ങളെത്തിയാണ് രാവിലെ എട്ടു മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച പുലർച്ചെ മൂന്നു വരെ മിൽ പ്രവർത്തിച്ചതായി പറയുന്നു. പണികഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങാൻ പോയി മണിക്കൂറുകൾക്കകമാണ് തീപിടിച്ചത്. ഒായിലും കൊപ്രയും ലോഡ് ചെയ്തശേഷം ലോറി ഗോഡൗണിനു സമീപത്ത് നിർത്തിയിട്ടതായിരുന്നു. ഞായറാഴ്ച രാവിലെ ഒായിലുമായി സംസ്ഥാനത്തിനു പുറത്തേക്ക് പുറപ്പെടാനിരുന്നതായിരുന്നു ലോറി. ഗൾഫ് നാടുകളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്ന് വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നതായി പറയുന്നു. തീപിടിച്ച വാർത്തയറിഞ്ഞതോടെ നൂറുകണക്കിനാളുകൾ കൊളാവിപ്പാലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. പയ്യോളി പൊലീസും സ്ഥിഗതികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.