അമ്പലമുകൾ (കൊച്ചി): അമ്പലമുകൾ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചി റിഫൈനറിയിൽ വൈദ്യുതി ലൈനിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായി. പിന്നാലെ അന്തരീക്ഷമെങ്ങും വെളുത്ത പുകയും കടുത്ത ദുർഗന്ധവും വ്യാപിച്ചു.
റിഫൈനറിയിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം. ഇതോടെ പരിഭ്രാന്തിയിലായ സമീപത്തുള്ള അയ്യങ്കുഴി നിവാസികൾ ഒന്നാകെ വീടുവിട്ടുപോയി.
വൈകീട്ട് അഞ്ചോടെയാണ് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായത്. ആദ്യം എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. ഹൈടെൻഷൻ ലൈനിൽനിന്ന് തീപടർന്നതായാണ് പിന്നീട് ലഭിച്ച വിവരം. ഇതിനിടെ പെയ്ത മഴ തോർന്നതിനു പിന്നാലെയാണ് അയ്യങ്കുഴി, അമ്പലമുകൾ, അടൂർ പ്രദേശങ്ങളിൽ കടുത്ത ദുർഗന്ധവും വെളുത്ത പുകയും ഉയർന്നത്. ഇതേതുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട പ്രദേശവാസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാട്ടുകാർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. അധികൃതരെത്തി നാട്ടുകാരെ സ്ഥലത്തുനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഇവിടെ മണിക്കൂറുകളോളം പുക അന്തരീക്ഷത്തിൽ വ്യാപിക്കുന്നുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ രാത്രി റിഫൈനറിക്കു മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.